റഫറിക്ക് ഹാലിളകിയ മത്സരത്തിൽ കാർഡുകളുടെ പെരുമഴ, കോളടിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിന് | Mumbai City

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിൽ ഏറ്റവും ചർച്ചയാകാൻ പോകുന്ന മത്സരമായിരിക്കും ഇന്നലെ നടന്നത്. മുംബൈ സിറ്റിയുടെ മൈതാനത്ത് മോഹൻ ബഗാൻ കളിക്കാനിറങ്ങിയപ്പോൾ മത്സരം നിയന്ത്രിച്ച റഫറി രാഹുൽ ഗുപ്‌ത പുറത്തെടുത്തത് ഏഴു ചുവപ്പുകാർഡുകളാണ്. അതിനു പുറമെ പതിനൊന്നു മഞ്ഞക്കാർഡുകളും അദ്ദേഹം നൽകി. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈ വിജയം നേടിയിരുന്നു.

മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ മുംബൈ സിറ്റിയുടെ ആകാശ് മിശ്രക്ക് ചുവപ്പുകാർഡ് നൽകിയാണ് റഫറി തുടങ്ങിയത്. അതിനു പിന്നാലെ മോഹൻ ബഗാൻ ലീഡെടുത്തെങ്കിലും ആദ്യപകുതിക്ക് മുൻപ് തന്നെ പത്ത് പേരുമായി കളിച്ച മുംബൈ സിറ്റി തിരിച്ചടിച്ചു. അതുവരെ പത്ത് പേരായി കളിച്ചിട്ടും മുംബൈ സിറ്റി തന്നെയാണ് ആക്രമണങ്ങളിൽ മുന്നിട്ടു നിന്നിരുന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മത്സരത്തെ ബാലൻസ് ചെയ്യാനെന്ന പോലെ മോഹൻ ബഗാൻ താരം ആശിഷ് റായിക്കും റഫറി ഡയറക്റ്റ് റെഡ് നൽകി. അതിനു ശേഷം റഫറിയുടെ ശരീരത്തിൽ സ്‌പർശിച്ചതിനു മോഹൻ ബഗാന്റെ മറ്റൊരു താരമായ ലിസ്റ്റൻ കോളാകോക്ക് ഡയറക്റ്റ് റെഡ് ലഭിച്ചു. അതിനു പിന്നാലെയാണ് മത്സരത്തിൽ മുംബൈ സിറ്റി ബിപിൻ സിംഗിന്റെ ഗോളിലൂടെ മുന്നിലെത്തുന്നത്.

അവസാനത്തെ മിനിറ്റുകളിൽ കാർഡുകളുടെ പെരുമഴയായിരുന്നു. ഗ്രെഗ് സ്റ്റുവാർട്ടിനെ രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി റഫറി പുറത്താക്കിയതിന് പിന്നാലെ വിക്രം പ്രതാപ് സിങ്ങിനും രണ്ടാമത്തെ മഞ്ഞക്കാർഡും ചുവപ്പുകാർഡും ലഭിച്ചു. അതിനു ശേഷം മോഹൻ ബഗാന്റെ ഹെക്റ്റർ യുസ്തേ, മുംബൈ സിറ്റിയുടെ രാഹുൽ ബേക്കേ എന്നിവരും നേരിട്ട് ചുവപ്പുകാർഡ് വാങ്ങി പുറത്തായി.

മത്സരത്തിനു ശേഷം കോളടിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിനാണ്. അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയും ബ്ലാസ്റ്റേഴ്‌സും തമ്മിൽ കൊച്ചിയിൽ മത്സരിക്കുമ്പോൾ അവരുടെ നാല് താരങ്ങളാണ് സസ്‌പെൻഷൻ കാരണം കളിക്കാതിരിക്കുക. നാലാം യെല്ലോ കാർഡ് കണ്ട ഗ്രെഗ് സ്റ്റീവാർട്ട്, വിക്രം പ്രതാപ് സിങ് ഡയറക്റ്റ് റെഡ് കിട്ടിയ ആകാശ് മിശ്ര, രാഹുൽ ബേക്കേ എന്നിവരൊന്നും ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനുണ്ടാകില്ല.

7 Red Cards Shown In Mumbai City Vs Mohun Bagan

ISLMohun BaganMumbai City FCReferee
Comments (0)
Add Comment