ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെ ആദ്യത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത് സ്ലോവേനിയൻ താരമായ ലൂക്ക മാജ്‌സനു മുന്നിലായിരുന്നു. പഞ്ചാബ് എഫ്‌സിക്കു വേണ്ടി ആദ്യത്തെ ഗോൾ നേടിയ താരം അതിനു ശേഷം എക്‌സ്ട്രാ ടൈമിൽ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. മത്സരത്തിൽ ഒന്നിനെതിരെരണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്.
പൊതുവെ രണ്ടു മുഷ്‌ടിയും ചുരുട്ടിയുള്ള സെലിബ്രെഷനാണ് ലൂക്ക നടത്താറുള്ളത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കുറച്ച് കടന്ന കയ്യുള്ള സെലിബ്രെഷനാണ് സ്ലോവേനിയൻ താരം നടത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ കോർണർ ഫ്ലാഗ് ഊരിയെടുത്ത താരം പതാക എടുത്തതിനു ശേഷം ജേഴ്‌സിക്കൊപ്പം അത് ഉയർത്തിയാണ് സെലിബ്രെഷൻ നടത്തിയത്. കഴിഞ്ഞ ദിവസം അതിന്റെ കാരണം താരം വ്യക്തമാക്കി.
“മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഞാൻ കളത്തിലിറങ്ങിയത്. അപ്പോൾ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. എന്റെ പേര് വിളിച്ചായിരുന്നു അവർ എന്നെ അധിക്ഷേപിച്ചിരുന്നത്. എന്നാൽ അതെനിക്ക് കൂടുതൽ പ്രചോദനം നൽകുകയാണ് ശരിക്കും ചെയ്‌തത്.”
“ഗോൾ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അതുവരെ നടത്തിയ ആക്ഷേപങ്ങൾക്കെല്ലാം മറുപടി നൽകണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ അത്തരമൊരു ഗോളാഘോഷം നടത്താൻ മുതിർന്നത്.” ഒരു മലയാളം മാധ്യമത്തോട് സംസാരിക്കുമ്പോൾ ലൂക്ക വ്യക്തമാക്കി.
കോർണർ ഫ്ലാഗ് എടുത്ത് സെലിബ്രെഷൻ നടത്തിയതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ലൂക്കക്കെതിരെ കൂടുതൽ രോഷം കാണിച്ചിരുന്നു. താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആരാധകർ അധിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ അധിക്ഷേപങ്ങളിൽ കൂടുതൽ കരുത്ത് ലഭിക്കുകയാണ് ചെയ്യുന്നതെന്ന് താരം മത്സരത്തിൽ നടത്തിയ പ്രകടനം വ്യക്തമാക്കുന്നു.