ലെസ്‌കോവിച്ചിന്റെ പുതിയ ക്ലബിൽ നിന്നും ആഫ്രിക്കൻ ഗോളടിവീരൻ കേരളത്തിലേക്ക്, ട്രാൻസ്‌ഫർ പൂർത്തിയായി

മൂന്നു വർഷങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കാത്തു സൂക്ഷിച്ച ക്രൊയേഷ്യൻ ഡിഫെൻഡറായ മാർകോ ലെസ്‌കോവിച്ച് കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ക്ലബ് വിട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കാനുള്ള ഓഫർ നൽകിയിരുന്നെങ്കിലും യൂറോപ്പിലേക്ക് തന്നെ മടങ്ങാനുള്ള ആഗ്രഹത്തെ തുടർന്നാണ് ലെസ്‌കോവിച്ച് ക്ലബ് വിട്ടത്.

തന്റെ രാജ്യമായ ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷൻ ക്ലബായ സ്ലാവൻ ബെലൂപയിലേക്കാണ് മാർകോ ലെസ്‌കോവിച്ച് ചേക്കേറിയത്. ലെസ്‌കോവിച്ച് അങ്ങോട്ടു ചേക്കേറിയതിനു പിന്നാലെ താരത്തിന്റെ ക്ലബിൽ നിന്നും മറ്റൊരു താരം കേരളത്തിലേക്ക് വരികയും ചെയ്‌തു. കേരളത്തിലെ ഐ ലീഗ് ക്ലബായ ഗോകുലം കേരളയിലേക്കാണ് ക്രൊയേഷ്യൻ ക്ലബിന്റെ താരമെത്തിയിരിക്കുന്നത്.

സ്ലാവൻ ബെലൂപയുടെ മുന്നേറ്റനിര താരമായ അബ്‌ദു ലുമാലയെ സ്വന്തമാക്കിയ വിവരം കഴിഞ്ഞ ദിവസമാണ് ഗോകുലം കേരള സ്ഥിരീകരിച്ചത്. ഐ ലീഗ് കിരീടം സ്വന്തമാക്കാനും അതുവഴി ഐഎസ്എല്ലിലേക്ക് പ്രവേശനം ലഭിക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന ഗോകുലം കേരള അതിനു ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് ഉഗാണ്ടൻ താരമായ അബ്‌ദുവിനെ സ്വന്തമാക്കിയിരിക്കുന്നത്.

ഉഗാണ്ടൻ സ്വദേശിയാണെങ്കിലും സ്വീഡനിലെ ക്ലബുകൾക്ക് വേണ്ടിയാണ് അബ്‌ദു കരിയറിൽ കൂടുതൽ കാലം കളിച്ചിരിക്കുന്നത്. എന്നാൽ ഈ ക്ലബുകളിലെല്ലാം അധികവും പകരക്കാരൻ എന്ന നിലയിലാണ് താരം കളിച്ചിരിക്കുന്നത്. തന്റെ കഴിവുകൾ പൂർണമായും പുറത്തെടുക്കാനുള്ള അവസരം കൂടിയാണ് ഗോകുലം കേരളയിൽ എത്തിയതിലൂടെ താരത്തിന് ലഭിച്ചിരിക്കുന്നത്.

ഉഗാണ്ടയിലെ ഏറ്റവും മികച്ച വിങ്ങർമാരിലൊരാൾ എന്ന പേരെടുത്തിട്ടുള്ള താരം വേഗതയും കരുത്തും നിറഞ്ഞ കളിക്കാരനാണ്. ഇന്ത്യയിലെ സാഹചര്യവുമായി ഒത്തിണങ്ങിയാൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല. ഐ ലീഗ് കിരീടവും ഐഎസ്എല്ലും ലക്‌ഷ്യം വെക്കുന്ന ക്ലബിനൊരു മുതൽക്കൂട്ടാണ് അബ്‌ദു ലുമാല.

Abdu LumalaGokulam KeralaI League
Comments (0)
Add Comment