കഴിഞ്ഞ മൂന്നു വർഷമായി കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പ്രധാനതാരമാണ് അഡ്രിയാൻ ലൂണ. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ ടീമിനായി മികച്ച പ്രകടനം നടത്തിയ രണ്ടു വിദേശതാരങ്ങൾ മികച്ച ഓഫറുകൾ സ്വീകരിച്ച് ക്ലബ് വിട്ടപ്പോഴും കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടർന്നത് അഡ്രിയാൻ ലൂണയെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കി മാറ്റി.
ഈ സീസണിൽ പരിക്കേറ്റു പുറത്തു പോകുന്നതിനു മുൻപ് വരെ കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരം കൂടിയായിരുന്നു അഡ്രിയാൻ ലൂണ. ഇപ്പോൾ പ്ലേ ഓഫ് മത്സരങ്ങൾ അടുക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ ലൂണ തിരിച്ചു വരുന്നുണ്ടെന്നതാണ്. എന്നാൽ അതിനൊപ്പം ആരാധകരുടെ ആശങ്ക താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുമെന്നതു കൂടിയാണ്.
Great News for Kerala Blasters as Adrian Luna's contract has been renewed automatically according to his 'Contract Clause'. 👀
The clause stated that if Kerala Blasters managed to a secure top 6 spot in the ISL 2023-24, then his contract will be extended automatically by one… pic.twitter.com/SsASrfoMxg
— Superpower Football (@SuperpowerFb) April 9, 2024
എന്നാൽ ആരാധകരുടെ ആ ആശങ്കക്ക് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചപ്പോൾ തന്നെ അവസാനമായി എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. അഡ്രിയാൻ ലൂണയുടെ കരാറിലുള്ള പ്രത്യേക ഉടമ്പടി പ്രകാരം ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ടോപ് സിക്സിൽ എത്തിയാൽ താരത്തിന്റെ കരാർ സ്വയമേവ പുതുക്കപ്പെടും. പ്ലേ ഓഫ് ഉറപ്പിച്ചതോടെ അത് സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം ഒരു സീസണിലേക്ക് കൂടിയാണ് അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കപ്പെട്ടത്. അതിനാൽ 2025 വരെ താരം ടീമിനൊപ്പം ഉണ്ടാകും. ഇപ്പോൾ മുപ്പത്തിയൊന്നു വയസായ താരത്തിന് കുറച്ചുകൂടി ദൈർഘ്യമുള്ള കരാർ നൽകാൻ ബ്ലാസ്റ്റേഴ്സ് നേതൃത്വത്തിന് പദ്ധതിയുണ്ടോയെന്ന് വ്യക്തമല്ല. താരം ടീമിനൊപ്പം ഒരുപാട് കാലം തുടരണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.
കഴിഞ്ഞ രണ്ടു സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമായിരുന്ന ലൂണ ടീമിന്റെ നായകനായ ആദ്യത്തെ സീസണിലാണ് പരിക്കിന്റെ തിരിച്ചടി വരുന്നത്. സീസണിൽ ഒരുപാട് മത്സരങ്ങൾ നഷ്ടമായെങ്കിലും അതിനെല്ലാം പകരമായി പ്ലേ ഓഫ് മത്സരങ്ങളിൽ ഇറങ്ങി ടീമിനെ മുന്നേറാൻ സഹായിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
Adrian Luna Contract Automatically Extended