കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി തുടർന്നിരുന്ന അഡ്രിയാൻ ലൂണയുടെ ഭാവിയുടെ കാര്യത്തിൽ പുതിയ വഴിത്തിരിവുകൾ സംഭവിക്കാൻ സാധ്യതയേറുന്നു. അഡ്രിയാൻ ലൂണ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പിക്കാൻ കഴിയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഡ്രിയാൻ ലൂണയുടെ കേരള ബ്ലാസ്റ്റേഴ്‌സ് കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണെങ്കിലും അത് സ്വയമേവ പുതുക്കാനുള്ള ഉടമ്പടിയുണ്ടെന്നു നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടിയതോടെയാണ് അഡ്രിയാൻ ലൂണയുടെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കപ്പെട്ടത്.
🥇💣 Adrian Luna's future in Kerala Blasters depends on new coach. @ManoramaDaily #KBFC pic.twitter.com/chgl4j57ao
— KBFC XTRA (@kbfcxtra) May 6, 2024
എന്നാൽ താരം തുടരുമോയെന്ന കാര്യത്തിൽ വ്യക്തത വരണമെങ്കിൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ആരെത്തുമെന്ന കാര്യത്തിൽ വ്യക്തത വരണം. പുതിയ പരിശീലകനെത്തി അദ്ദേഹവുമായി ചർച്ചകൾ നടത്തി അവരുടെ പദ്ധതികളിൽ തനിക്ക് പ്രധാനപ്പെട്ട സ്ഥാനം ലഭിക്കുമെന്നുറപ്പുണ്ടായാൽ മാത്രമേ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുകയുള്ളൂ.
ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്ലബ് നടത്തുകയാണ്. പല പരിശീലകരുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ വരുന്നുണ്ടെങ്കിലും ആരെയാണ് തിരഞ്ഞെടുക്കുകയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സ് വിടാനാണ് തീരുമാനം എടുക്കുന്നതെങ്കിൽ ഇന്ത്യയിലെ വമ്പൻ ക്ലബുകളെല്ലാം താരത്തിനായി ശ്രമം നടത്തുമെന്നതിൽ സംശയമില്ല. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉള്ളതിനാൽ തന്നെ അഡ്രിയാൻ ലൂണക്ക് വലിയൊരു തുക ട്രാൻസ്‌ഫർ ഫീസായി ലഭിക്കും. അതിനായി താരത്തെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുമോയെന്നും പറയാൻ കഴിയില്ല.
Adrian Luna Future Depends On New Coach