തീർത്തും അപ്രതീക്ഷിതമായാണ് ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം ഒഴിയുകയാണെന്ന പ്രഖ്യാപനം വന്നത്. തുടർച്ചയായ മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫ് കളിപ്പിച്ച, ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായ അദ്ദേഹം സ്വന്തം താത്പര്യപ്രകാരമാണ് സ്ഥാനം ഒഴിഞ്ഞതെന്നു റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അക്കാര്യത്തിൽ വ്യക്തമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ല.
ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുന്നത് ബ്ലാസ്റ്റേഴ്സിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുമെന്നു തന്നെയാണ് ലഭിക്കുന്ന സൂചനകൾ. ഇവാന്റെ പദ്ധതികളിൽ പ്രധാനികളായ പല താരങ്ങളും ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. അതിനു പുറമെ അദ്ദേഹം സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ ടീമിലെ മികച്ച താരങ്ങളെ റാഞ്ചാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ക്ലബുകളും ശ്രമം നടത്തുന്നുണ്ട്.
🥇💣 Adrian Luna has offer from FC Goa. @ManoramaDaily #KBFC pic.twitter.com/qaF2Wwhswn
— KBFC XTRA (@kbfcxtra) April 27, 2024
റിപ്പോർട്ടുകൾ പ്രകാരം ഇവാൻ പരിശീലകനായ ആദ്യത്തെ സീസൺ മുതൽ ടീമിന്റെ നെടുന്തൂണായി കളിച്ചു കൊണ്ടിരുന്ന അഡ്രിയാൻ ലൂണയെ റാഞ്ചാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ ക്ലബുകളിൽ ഒന്നായ എഫ്സി ഗോവയാണ് അഡ്രിയാൻ ലൂണക്കായി ശ്രമം നടത്തുന്നത്. ലൂണക്ക് പുറമെ മുംബൈ സിറ്റിയിൽ നിന്നും പെരേര ഡയസിനെയും ടീമിലെത്തിക്കാൻ ഗോവ ശ്രമം നടത്തുന്നുണ്ട്.
ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ അഡ്രിയാൻ ലൂണയും പെരേര ഡയസും ഒരുമിച്ചാണ് കളിച്ചിരുന്നത്. ആ സീസണിൽ ഗംഭീര പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയിരുന്നെങ്കിലും ഹൈദെരാബാദിനോട് കീഴടങ്ങി. അതെ സഖ്യത്തെ ഒരുമിപ്പിക്കാനാണ് എഫ്സി ഗോവ ഇപ്പോൾ തയ്യാറെടുക്കുന്നത്.
ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ട സാഹചര്യത്തിൽ അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ എളുപ്പമാകുമെന്നാണ് ഗോവ കരുതുന്നത്. ഈ സീസണോടെ ബ്ലാസ്റ്റേഴ്സും ലൂണയുമായുള്ള കരാർ അവസാനിക്കുകയാണ്. കരാർ പുതുക്കിയെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇവാൻ വിട വാങ്ങുന്നതിനാൽ ലൂണയും അതെ പാത പിന്തുടരാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
Adrian Luna Has Offer From FC Goa