പഞ്ചാബ് എഫ്‌സിക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനു ശേഷം റഫറിമാരെ വിമർശിച്ചു സംസാരിച്ചതിന്റെ പേരിലാണ് ഇവാനെതിരെ വിലക്ക് വന്നിരിക്കുന്നത്. ഒരു മത്സരത്തിലെ വിലക്കിനു പുറമെ അൻപതിനായിരം രൂപ പിഴയും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നൽകണം.
സഹപരിശീലകനായ ഫ്രാങ്ക് ദോവന് ടീമിനെ നയിച്ച് പരിചയമുള്ളതിനാൽ ഇവാന്റെ വിലക്ക് ദുർബലരായ എതിരാളികൾക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് വലിയ വെല്ലുവിളിയാകില്ലെന്ന് അനുമാനിക്കാം. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇവാന് പുറമെ ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയും പഞ്ചാബിനെതിരെ ഇറങ്ങാനുള്ള സാധ്യതയില്ല. അഡ്രിയാൻ ലൂണ പരിക്കിന്റെ പിടിയിലാണെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
🚨🥇Adrian Luna likely to miss match against Punjab FC due to an injury ❌ @zillizsng #KBFC pic.twitter.com/hdjEvp9XX2
— KBFC XTRA (@kbfcxtra) December 12, 2023
ലൂണക്ക് മത്സരം നഷ്ടമാകുന്നത് ഒരു തിരിച്ചടിയാണെങ്കിലും മറ്റൊരു തരത്തിൽ അത് കേരള ബ്ലാസ്റ്റേഴ്‌സിന് ഗുണവുമാണ്. ഇനിയൊരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ ലൂണക്ക് അടുത്ത മത്സരത്തിൽ വിലക്ക് ലഭിക്കും. പഞ്ചാബിനെതിരെ ഇറങ്ങി മഞ്ഞക്കാർഡ് ലഭിച്ചാൽ മുംബൈ സിറ്റിക്കെതിരെയുള്ള പ്രധാന മത്സരമാണ് നഷ്‌ടമാവുക. താരതമ്യേനെ ശക്തി കുറഞ്ഞ പഞ്ചാബിനെതിരെ ലൂണ ഇറങ്ങിയില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ കഴിയുമെന്നതിനാൽ താരത്തിന്റെ അഭാവം പരിഹരിക്കാവുന്നതേയുള്ളൂ.
🚨🌖| Adrian Luna is likely to miss the match against Punjab on Dec 14 due to an injury.@zillizsng #KeralaBlasters #KBFC pic.twitter.com/fTmoKvDkHB
— Blasters Zone (@BlastersZone) December 12, 2023
മറ്റൊന്ന് ലൂണക്ക് വിശ്രമം ആവശ്യമാണെന്നതാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി എല്ലാ മത്സരത്തിലും ഇറങ്ങിയ താരം കളിക്കളത്തിൽ നൽകുന്ന അധ്വാനം വളരെ വലുതാണ്. ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലുമെല്ലാം ഒരുപോലെ കാണുന്ന താരത്തിന് വിശ്രമം നൽകിയില്ലെങ്കിൽ അത് ഫോമിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ തന്നെ പഞ്ചാബ് എഫ്‌സിക്കെതിരെ പുറത്തിരുന്ന് അടുത്ത മത്സരത്തിൽ നല്ല രീതിയിൽ ഇറങ്ങാൻ ലൂണക്ക് കഴിയും.
അതേസമയം ടീമിന്റെ അച്ചുതണ്ടായ ലൂണയുടെ അസാന്നിധ്യം പ്രതികൂലമായി ബാധിക്കുമോ എന്ന സംശയവും ബ്ലാസ്റ്റേഴ്‌സിനുണ്ട്. ഈ സീസണിൽ ലൂണ ഗോളോ അസിസ്റ്റോ സ്വന്തമാക്കാത്ത രണ്ടു മത്സരങ്ങൾ മാത്രമേയുള്ളൂ. ഇതിൽ രണ്ടെണ്ണത്തിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയിട്ടുണ്ട്. താരത്തിന്റെ സാന്നിധ്യം ടീമിന് എത്ര പ്രധാനപ്പെട്ടതാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ലൂണയില്ലാതെ ബ്ലാസ്റ്റേഴ്‌സ് എങ്ങിനെ കളിക്കുമെന്ന് അറിയാനുള്ള ഒരു അവസരവും ഇത് നൽകുന്നു.
Adrian Luna Likely To Miss Punjab FC Match