കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരവും നായകനുമായിരുന്ന അഡ്രിയാൻ ലൂണ ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ഉയരുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ അഡ്രിയാൻ ലൂണയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള കരാർ അവസാനിക്കാനിരിക്കെയാണ് യുറുഗ്വായ് താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.
മെയ് മുപ്പത്തിയൊന്നു വരെ മാത്രമാണ് അഡ്രിയാൻ ലൂണക്ക് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്. അതിനു ശേഷം താരത്തെ ഏതു ക്ലബിനും സ്വന്തമാക്കാൻ കഴിയും. താരത്തിന്റെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിൽ നിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ മുംബൈ സിറ്റിയാണ് അഡ്രിയാൻ ലൂണക്ക് വേണ്ടി രംഗത്തു വന്നിട്ടുള്ളത്.
With #AdrianLuna out, here are some of the 🔝 potential picks for your #ISLFantasy team ahead of the upcoming matchweek! 🔥
Comment below your picks! 👇#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 | @JioCinema @Sports18 pic.twitter.com/rROB5zugQB
— Indian Super League (@IndSuperLeague) January 26, 2024
ആദ്യമായല്ല അഡ്രിയാൻ ലൂണക്ക് വേണ്ടി മുംബൈ സിറ്റി ശ്രമം നടത്തുന്നത്. ഇതിനു മുൻപും താരത്തെ സ്വന്തമാക്കാൻ ക്ലബ് ശ്രമിച്ചിരുന്നു. എന്നാൽ അന്നു കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ തന്നെ തുടരാനാണ് ലൂണ തീരുമാനിച്ചത്. തന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നൽകിയ പിന്തുണ താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിരുന്നു.
ഡിസംബറിൽ പരിക്കേറ്റു പുറത്തായ അഡ്രിയാൻ ലൂണ നിലവിൽ സ്വന്തം നാട്ടിൽ വിശ്രമത്തിലാണ്. ഈ സീസൺ കഴിയുന്നത് വരെ താരം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഡ്രിയാൻ ലൂണക്ക് പകരക്കാരനായി ലിത്വാനിയൻ താരമായ ഫെഡോർ സെർനിച്ചിനെ ബ്ലാസ്റ്റേഴ്‌സ് ആറു മാസത്തെ കരാറിൽ സ്വന്തമാക്കിയിട്ടുണ്ട്. ഫെഡോർ ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്‌തു.
ലൂണയുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ഇല്ലാത്തത് ആശങ്ക തന്നെയാണ്. പരിക്കിനു ശസ്ത്രക്രിയ നടത്തിയത് താരത്തിന്റെ ഫോമിനെ ബാധിക്കുമോയെന്ന് വിശകലനം ചെയ്‌തതിന് ശേഷമാകും ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ സംബന്ധിച്ച് തീരുമാനമെടുക്കുക. എന്നാൽ അതിനിടയിൽ മുംബൈ സിറ്റി വമ്പൻ ഓഫറുമായി വന്നു ലൂണയെ റാഞ്ചാനുള്ള ശ്രമങ്ങൾ നടത്തുമെന്നുറപ്പാണ്.
Adrian Luna May Leave Kerala Blasters