കൃത്യമായ നിർദ്ദേശങ്ങൾ നൽകാതെ ഞാനിവിടെ നിന്നു മാറില്ല, ബെംഗളൂരു താരത്തെ ഫ്രീകിക്ക് എടുക്കാൻ സമ്മതിക്കാതെ ലൂണ | Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിന്റെ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ നടന്ന മത്സരം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു. മത്സരത്തിൽ ബെംഗളൂരുവിനു അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകും മുൻപേ സുനിൽ ഛേത്രി എടുക്കുകയും അത് ഗോളാക്കി മാറ്റുകയും ചെയ്‌തിരുന്നു. ഈ ഗോൾ റഫറി അനുവദിച്ചതിനെ തുടർന്ന് പ്രതിഷേധമായി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകനും മത്സരം തീരും മുൻപ് കളിക്കളം വിടുകയുമുണ്ടായി.

ബ്ലാസ്‌റ്റേഴ്‌സിനെ ചതിച്ചു കൊണ്ട് ബെംഗളൂരു നേടിയ ആ ഗോളിന്റെ വേദന ഇന്നും ആരാധകരുടെ മനസ്സിൽ നിന്നും പോയിട്ടില്ല. ഐഎസ്എൽ പത്താമത്തെ സീസണിലെ ആദ്യത്തെ മത്സരം ബെംഗളൂരുവിനെതിരെയാണ് എന്നറിഞ്ഞതു മുതൽ അതിനു പകരം വീട്ടാൻ വേണ്ടി ആരാധകർ കാത്തിരിക്കുകയായിരുന്നു. കനത്ത മഴയെ വെല്ലുവിളിച്ചു കൊണ്ട് പതിനായിരങ്ങൾ സ്റ്റേഡിയത്തിലെത്തി ബെംഗളൂരുവിനെ ബ്ലാസ്റ്റേഴ്‌സ് കീഴടക്കുന്നതിന് ആവേശകരമായ പിന്തുണ നൽകുകയും ചെയ്‌തു.

അതിനിടയിൽ കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ സംഭവിച്ച വിവാദങ്ങളുടെ ഓർമ്മകൾ തിരിച്ചു കൊണ്ടുവരുന്ന ഒരു സംഭവം ഇന്നലത്തെ മത്സരത്തിലുണ്ടായി. മത്സരത്തിനിടെ ബെംഗളൂരുവിനു അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചിരുന്നു. അതെടുക്കാൻ വേണ്ടി ബെംഗളൂരു താരം നിൽക്കുമ്പോൾ പന്തിന്റെ മുന്നിൽ നിന്നും മാറാൻ അഡ്രിയാൻ ലൂണ തയ്യാറായില്ല. ഒടുവിൽ റഫറിയെത്തി വിസിൽ മുഴങ്ങിയതിനു ശേഷമേ ഫ്രീകിക്ക് എടുക്കാവൂ എന്ന നിർദ്ദേശം നൽകിയപ്പോഴാണ് ലൂണ അവിടെ നിന്നും മാറിയത്.

കഴിഞ്ഞ സീസണിലെ മത്സരത്തിൽ റഫറി ഫ്രീകിക്ക് വിധിച്ചപ്പോൾ പന്തിനു മുന്നിൽ ലൂണ ഉണ്ടായിരുന്നു. അതിനു ശേഷം വിസിലിനു ശേഷമാകും കിക്ക് എടുക്കുക എന്ന ധാരണയോടെ താരം ഡിഫൻസീവ് വോളിന്റെ ഭാഗമാകാൻ വേണ്ടി പോയി. ആ സമയത്താണ് ഛേത്രി ഫ്രീകിക്ക് ഗോൾ അടിക്കുന്നതും റഫറി അത് അനുവദിക്കുന്നതും. സമാനമായ സംഭവം ഇനിയും ആവർത്തിക്കരുത് എന്ന ഓർമപ്പെടുത്തലും ഇന്ത്യൻ സൂപ്പർ ലീഗ് റഫറിമാരെ ഒന്ന് ട്രോളുകളും ചെയ്‌തു ലൂണ ഇന്നലത്തെ സംഭവത്തിലൂടെ.

മത്സരത്തിൽ ലൂണ ഒരു ഗോൾ നേടുകയും ചെയ്‌തിരുന്നു. ബെംഗളൂരുവിന്റെയും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും ഗോൾകീപ്പറായ ഗുർപ്രീതിന്റെ പിഴവിൽ നിന്നാണ് താരം ഗോൾ നേടിയത്. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനെതിരെ വിജയം നേടാനും പകരം വീട്ടാനും കഴിഞ്ഞത് ബ്ലാസ്റ്റെർസിനു കൂടുതൽ ആത്മവിശ്വാസമാണ്. മത്സരത്തിൽ ടീം പിഴവുകളൊന്നും കാര്യമായി വരുത്തിയില്ലെന്നത് പ്രത്യേകം അഭിനന്ദനമർഹിക്കുന്നു കാര്യമാണ്.

Adrian Luna Moment With Referee In ISL Opener

Adrian LunaIndian Super LeagueISLKeralaKerala Blasters
Comments (0)
Add Comment