കേരള ബ്ലാസ്റ്റേഴ്‌സിൽ മൂന്നാമത്തെ സീസൺ കളിക്കുന്ന അഡ്രിയാൻ ലൂണ തീർത്തും അർഹിച്ചതാണ് ഈ സീസണിൽ ലഭിച്ച നായകസ്ഥാനം. ടീമിന്റെ നായകനായതോടെ കൂടുതൽ മികച്ച പ്രകടനം താരത്തിൽ നിന്നും ലഭിക്കുന്നുമുണ്ട്. ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ആറു മത്സരങ്ങൾ ലീഗിൽ കളിച്ചപ്പോൾ അതിൽ അഞ്ചെണ്ണത്തിലും ഗോൾ നേടാനോ ഗോളിനു വഴിയൊരുക്കാനോ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ലൂണയുടെ മികവിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കുതിക്കുന്നതും.
ആക്രമണനിരയിലാണ് കളിക്കുന്നതെങ്കിലും കളിക്കളത്തിൽ ഓൾ ഇൻ ഓൾ പ്രകടനമാണ് അഡ്രിയാൻ ലൂണ നടത്തുന്നത്. ടീമിന്റെ ആക്രമണങ്ങൾ മുഴുവൻ ലൂണയെ കേന്ദ്രീകരിച്ചു നടക്കുമ്പോൾ അതുപോലെ പ്രതിരോധനിരയെ സഹായിക്കാനും താരത്തിന് കഴിയുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ കണക്കുകൾ എടുത്തു നോക്കിയാൽ അതിലെല്ലാം ലൂണ മുന്നിലുണ്ടാകും. താരത്തെ ഒരു ടീമായി തന്നെ പ്രഖ്യാപിക്കാമെന്നാണ് ആരാധകർ പറയുന്നത്.
Adrian Luna – What a Player ❤️🔥#KBFC #KeralaBlasters pic.twitter.com/BpG65BjBW8
— KBFC TV (@KbfcTv2023) November 11, 2023
കഴിഞ്ഞ ദിവസം ഐഎസ്എല്ലിൽ ഏറ്റവുമധികം ഇന്റർസെപ്‌ഷൻസ് നടത്തിയ താരങ്ങളുടെ പട്ടിക പുറത്തു വിട്ടപ്പോഴാണ് ആരാധകർ ശരിക്കും ഞെട്ടിയത്. പ്രതിരോധതാരങ്ങൾക്ക് ആധിപത്യമുണ്ടാകുന്ന ലിസ്റ്റിൽ ബ്ലാസ്റ്റേഴ്‌സ് താരം പ്രീതം കോട്ടാലാണ് മുന്നിൽ നിൽക്കുന്നത്. അതിനു പുറമെ പല ടീമുകളുടെയും പ്രതിരോധതാരങ്ങളുള്ള ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്നത് ലൂണയാണ്. പത്ത് ഇന്റർസെപ്‌ഷൻ താരം ഇതുവരെ നടത്തിയെന്നത് പ്രതിരോധത്തിൽ ലൂണയുടെ പങ്ക് എത്ര വലുതാണെന്ന് വ്യക്തമാക്കുന്നു.
Pritam proved everyone wrong 👏👏🔥
Wait who is there at 5th
My man again ! what are you doing here ? 🤔😲😲😲#KBFC #magician https://t.co/gfU9baozwn— ADRIANLUNA STAN 🐘⚽💎💎 (@Ananthu40988052) November 10, 2023
ഇതിനു പുറമെ ലീഗിലെ ടോപ് സ്കോറർമാരിൽ മൂന്നു ഗോളുകളുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലൂണ കൂടുതൽ അസിസ്റ്റ് നൽകിയവരുടെ ലിസ്റ്റിലും രണ്ടാം സ്ഥാനത്തുണ്ട്. ഇതിനു പുറമെ ലീഗിൽ ഏറ്റവുമധികം സുവർണാവസരങ്ങൾ ഉണ്ടാക്കിയെടുത്ത താരങ്ങളുടെ പട്ടികയിലും ലൂണ ആദ്യ സ്ഥാനങ്ങളിലുണ്ട്. ഒരു മത്സരത്തിൽ ഏറ്റവുമധികം കീ പാസുകൾ നൽകുന്ന താരവും ലൂണയാണ്. പതിനേഴു കീ പാസുകളാണ് താരം ഈ സീസണിൽ ഇതുവരെ നൽകിയിരിക്കുന്നത്.
ടീമിന്റെ നായകനായ ലൂണ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അച്ചുതണ്ടെന്നു വ്യക്തമാക്കുന്ന കണക്കുകളാണ് ഇതെല്ലാം. ക്ലബിനായി യുറുഗ്വായ് താരം എത്രത്തോളം അധ്വാനിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. മുന്നിൽ നിന്ന് നയിക്കുന്ന ഇതുപോലെയൊരു നായകൻ തന്നെയാണ് ഒരു ടീമിന് ആവശ്യമുള്ളത്. നായകൻ തന്നെ ഇത്രയധികം മികച്ച പ്രകടനം നടത്തുമ്പോൾ മറ്റു താരങ്ങളും തങ്ങളുടെ പരമാവധി നൽകും. സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രതീക്ഷയും അതു തന്നെയാണ്.
Adrian Luna Tops In Many ISL Statistics This Season