ഖത്തർ ലോകകപ്പിൽ അർജന്റീനയെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരങ്ങളിലൊരാളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണിന്റെ അലക്സിസ് മാക് അലിസ്റ്റർ. ആദ്യത്തെ മത്സരത്തിൽ ഫസ്റ്റ് ഇലവനിൽ അവസരം ലഭിച്ചില്ലെങ്കിലും അതിനു ശേഷമുള്ള മത്സരങ്ങളിലെല്ലാം താരം ടീമിലിടം നേടി. ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെതിരെ നടന്ന അവസാനത്തെ മത്സരത്തിൽ വിജയം നേടിയേ തീരുവെന്ന സാഹചര്യത്തിൽ നിന്നിരുന്ന അർജന്റീന ടീമിനായി ആദ്യത്തെ ഗോൾ നേടുന്നത് അലിസ്റ്ററാണ്. ഇതിനു പുറമെ ഫൈനലിൽ ഡി മരിയ നേടിയ രണ്ടാമത്തെ ഗോളിനുള്ള അസിസ്റ്റും താരത്തിന്റെ വകയായിരുന്നു.
ഇരുപത്തിനാല് വയസ് മാത്രം പ്രായമുള്ള മാക് അലിസ്റ്റർ ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനം നിരവധി ക്ലബുകളുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട് ജനുവരി ജാലകത്തിൽ താരത്തിനായി പല ക്ലബുകളും ഓഫർ നൽകുകയും ചെയ്യുന്നു. നിലവിൽ ചെൽസി, ആഴ്സണൽ, അത്ലറ്റികോ മാഡ്രിഡ്, യുവന്റസ്, എന്നീ ക്ലബുകളാണ് അലിസ്റ്റർക്കായി രംഗത്തുള്ളതെന്നാണ് റിപ്പോർട്ടുകൾ. അതിനിടയിൽ അലിസ്റ്ററുടെ ഏജന്റും പിതാവുമായ കാർലോസ് മാക് അലിസ്റ്റർ ജനുവരിയിൽ താരം ഏതു ക്ലബ്ബിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യതയെന്ന് കഴിഞ്ഞ ദിവസം ഒരു അർജന്റീനിയൻ മാധ്യമത്തോട് സംസാരിക്കുമ്പോൾ വെളിപ്പെടുത്തുകയുണ്ടായി.
അലിസ്റ്റാറിന്റെ പിതാവിന്റെ പ്രതികരണം വെച്ചു നോക്കുമ്പോൾ താരം ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്ക് ചേക്കേറാനാണ് സാധ്യതയുള്ളത്. “യുവന്റസ് മികച്ചൊരു ക്ലബാണ്, ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ക്ലബുകളിലൊന്ന്. എനിക്ക് പറയാനുള്ളത് താരത്തിനായി വരുന്ന ഓഫറുകൾ ബ്രൈറ്റണുമായി ചേർന്നു വിലയിരുത്തി മാത്രമേ തീരുമാനം എടുക്കുകയുള്ളൂ, അതായിരിക്കും അവന്റെ ഭാവിയും. ഇംഗ്ലണ്ടിൽ വളരെ സന്തോഷവാനായ താരം യൂറോപ്യൻ ഫുട്ബോളിൽ കളിക്കാൻ ബ്രൈറ്റൻ അവസരം നൽകിയതിനു കടപ്പെട്ടിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.
Mac Allister’s father and agent 🗣
— Footy Accumulators (@FootyAccums) December 29, 2022
“Juventus is a great club, one of the most prestigious in the world. I can only say that together with the club we will analyze the proposals that come to us, then we will decide what happens to Alexis' future.” pic.twitter.com/jxebu57DDn
അതേസമയം താരത്തിനായി രംഗത്തുള്ള മറ്റു ക്ലബുകൾ ഏതൊക്കെയാണെന്നും ട്രാൻസ്ഫർ ഫീസ് സംബന്ധിച്ച വിവരങ്ങളും അദ്ദേഹം പുറത്തു വിടാൻ തയ്യാറായില്ല. യുവന്റസിലേക്ക് ചേക്കേറുകയാണെങ്കിൽ അലിസ്റ്റർ രണ്ട് അർജന്റീന താരങ്ങളുടെ കൂടെ ചേരും. അർജന്റീന മുന്നേറ്റനിര താരം ഏഞ്ചൽ ഡി മരിയ, മധ്യനിര താരം ലിയാൻഡ്രോ പരഡെസ് എന്നീ താരങ്ങളിപ്പോൾ യുവന്റസിലാണ് കളിക്കുന്നത്. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ഇവർ രണ്ടു പേരും ഇറ്റാലിയൻ ക്ലബ്ബിലേക്ക് ചേക്കേറുന്നത്.