റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദ മത്സരത്തിൽ ജൂലിയൻ അൽവാരസിനെ ഇറക്കാതിരുന്ന പെപ് ഗ്വാർഡിയോളയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരങ്ങൾ തന്നെയാണ് മുഴുവൻ സമയവും കളിച്ചത്. ഒരു പകരക്കാരനെ പോലും ഇറക്കേണ്ടെന്ന് ഗ്വാർഡിയോള തീരുമാനിച്ച മത്സരത്തിൽ രണ്ടു ടീമും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു.
“അൽവാരസിനെ ഇറക്കാതിരുന്ന തീരുമാനം എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്കത് അത്ഭുതമായി, പക്ഷെ അത് പെപ്പാണ്. ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ അൽവാരസിനെ എല്ലാ മത്സരത്തിലും കളിപ്പിക്കും, കാരണം അൽവാരസിൽ ഒരു സ്പാർക്ക് നിലനിർത്തേണ്ടത് ആവശ്യമാണ്.” ആൽബിസെലെസ്റ്റ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോൾ അഗ്യൂറോ പറഞ്ഞു.
🗣️Sergio Aguero: "What I don't understand is why he didn’t put Julián [Alvarez on]… I wonder, but well it’s Pep. He doesn’t marry anyone. If it was up to me, I'd play Julián in almost every game – we need him to be active and have a spark…" pic.twitter.com/VmQujIYDVu
— Rahman osman (@iamrahmanosman) May 9, 2023
മത്സരത്തിൽ ഒരു പകരക്കാരനെ പോലും ഇറക്കാതിരുന്ന തീരുമാനത്തിനു പിന്നിലെ കാരണം പെപ് ഗ്വാർഡിയോള പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. പന്തിലുള്ള ആധിപത്യം നിലനിർത്താൻ വേണ്ടിയാണ് അങ്ങിനെ ചെയ്തതെന്നും താരങ്ങൾ മുഴുവൻ സമയവും നന്നായി കളിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും അതിൽ തൃപ്തനാണെന്നാണ് ഗ്വാർഡിയോളയുടെ വാക്കുകളിൽ നിന്നും മനസിലാകുന്നത്.
വിനീഷ്യസ് റയൽ മാഡ്രിഡിനെ ആദ്യപകുതിയിൽ മുന്നിലെത്തിച്ചതിനു ശേഷം രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രൂയ്ൻ സമനിലഗോൾ നേടുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന സ്ട്രൈക്കറായ എർലിങ് ഹാലാൻഡ് ഇന്നലത്തെ മത്സരത്തിൽ ഏറെക്കുറെ നിശബ്ദനായിരുന്നു. അതുകൊണ്ടു തന്നെ ജൂലിയൻ അൽവാരസിനെ പരിഗണിക്കാമായിരുന്നു എന്ന അഭിപ്രായമാണ് ആരാധകരിൽ ഒരു വിഭാഗത്തിനുമുള്ളത്.
Aguero Questions Pep Guardiola Decision To Leave Julian Alvarez