വമ്പൻ താരത്തെ ടീമിലെത്തിക്കാൻ സഹായിച്ച ഏജന്റ്, നോഹ സാദോയിക്കൊപ്പം ഒരുമിച്ച് ഐബാൻ

കഴിഞ്ഞ സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഐബാൻ ഡോഹ്ലിംഗിന് വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് ടീമിന് വേണ്ടി ഇറങ്ങാൻ കഴിഞ്ഞത്. ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പരിക്കിന്റെ പിടിയിലായ താരത്തിനു ശസ്ത്രക്രിയ വേണ്ടി വന്നു. അതിനു ശേഷം സീസൺ മുഴുവൻ പുറത്തായിരുന്നു ഐബാൻ.

പ്രതീക്ഷയോടെ എത്തിച്ച സൈനിങ്‌ പരിക്കേറ്റു പുറത്തു പോയത് ആരാധകർക്ക് നിരാശ നൽകിയെങ്കിലും ഐബാൻ മറ്റൊരു കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവയുടെ താരമായിരുന്ന നോഹ സദൂയിയെ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിക്കുന്നതിന് നിർണായ പങ്കു വഹിച്ചത് ഐബാനാണ്.

കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിനു മുൻപ് എഫ്‌സി ഗോവയുടെ താരമായിരുന്നു ഐബാൻ. ആ സമയത്ത് നോഹ സാദോയിയുമായി മികച്ച ബന്ധം താരത്തിന് ഉണ്ടായിരുന്നു. അതുപയോഗിച്ചാണ് മൊറോക്കൻ താരത്തെ ബ്ലാസ്റ്റേഴ്‌സിൽ എത്തിക്കാൻ ഐബാൻ ചരടു വലിച്ചത്. ഫലമോ, കഴിഞ്ഞ രണ്ടു സീസണുകളിൽ ഗംഭീര പ്രകടനം നടത്തിയ താരം ബ്ലാസ്റ്റേഴ്‌സിനു സ്വന്തമായി.

താൻ ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ ഐബാൻ വലിയൊരു കാരണമായെന്ന് നോഹ സാദോയി തന്നെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. സദോയിയുടെ ട്രാൻസ്‌ഫർ പ്രഖ്യാപിച്ചപ്പോൾ അതിനടിയിൽ ഐബാൻ സ്വാഗതം ചെയ്‌തു കമന്റ് ചെയ്‌തിരുന്നു. അതിനു മറുപടിയായി തന്റെ ഏജന്റെന്നാണ് നോഹ സദൂയി ഐബാനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് ആരംഭിച്ചപ്പോൾ അതിൽ നോഹ സദൂയിക്കൊപ്പം ഐബാൻ നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നോഹയെ ഇണക്കിച്ചേർക്കാൻ ഐബാനു കഴിയുമെന്ന് ഇതിൽ നിന്നും വ്യക്തം. രണ്ടു താരങ്ങളുടെയും ഒത്തിണക്കം കളിക്കളത്തിലും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

AIban DohlingKerala BlastersNoah Sadaoui
Comments (0)
Add Comment