ഇന്ത്യൻ ഫുട്‍ബോളിലുണ്ടായ അപ്രതീക്ഷിത സംഭവമായിരുന്നു എഐഎഫ്എഫ് സെക്രട്ടറി ജനറലായിരുന്ന ഷാജി പ്രഭാകരനെ തൽസ്ഥാനത്തു നിന്നും നീക്കിയ നടപടി. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കൃത്യമായ കാരണം പോലും പറയാതെയാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തന്നെ പുറത്താക്കിയ നടപടി എന്തിനാണെന്നു പോലും അറിയില്ലെന്നാണ് ഷാജി പ്രഭാകരൻ ഇതിനോട് പ്രതികരിച്ചത്.
എന്നാൽ ഷാജി പ്രഭാകരന് ആശ്വാസമാകുന്ന ഒരു വിധി ഇപ്പോൾ ഡൽഹി ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി സ്ഥാനത്തു നിന്നും ഷാജി പ്രഭാകരനെ പുറത്താക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടുണ്ട്. ഫെഡറേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത് ഷാജി പ്രഭാകരൻ നൽകിയ ഹർജിയിലാണ് നടപടി.
🚨 | JUST IN : Delhi High Court puts on a ‘stay’ on the removal of Shaji Prabhakaran as the AIFF secretary-general 👀#IndianFootball pic.twitter.com/PTsIP8joqA
— 90ndstoppage (@90ndstoppage) December 8, 2023
വിശ്വാസ്യത നഷ്‌ടമായെന്ന കാരണം പറഞ്ഞാണ് ഷാജി പ്രഭാകരനെ സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നും നീക്കിയത്. ഡെപ്യൂട്ടി സെക്രട്ടറി സത്യനാരായണന് പകരം ചുമതലയും നൽകിയിരുന്നു. എൻസിപി നേതാവ് പ്രഫുൽ പട്ടേലിന് പകരം ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന കല്യാൺ ചൗബെയുടെ വിശ്വസ്‌തനായിരുന്നു മലയാളിയായ ഷാജിയെങ്കിലും പിന്നീട് ഇവർ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നു.
Don't think this can be construed as third party intervention. This matter concerns an employee of the AIFF, and the court has stayed the removal of Shaji as secretary general. The court has not removed the AIFF ex co and installed a committee of administrators to run football. https://t.co/YZ3QiQvHXj
— Marcus Mergulhao (@MarcusMergulhao) December 8, 2023
പല തീരുമാനങ്ങളും ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ബന്ധം ഉലഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഷാജി പ്രഭാകരന്റെ അധികാരപരിധിക്ക് മേൽ കല്യാൺ ചൗബേ ഒരു കോർ കമ്മിറ്റിയെ വെച്ചതോടെ ബന്ധം കൂടുതൽ ഉലയുകയും ചെയ്‌തു. തന്നെ പുറത്താക്കിയ തീരുമാനം ഞെട്ടിക്കുന്നതാണെന്നും ഫുട്ബോൾ എന്ന സുന്ദരമായ വിനോദത്തിന്റെ സേവകനായി തുടരും എന്നുമാണ് ഇതിൽ ഷാജി പ്രഭാകരൻ പ്രതികരിച്ചത്.
താൽക്കാലികമായാണ് സ്റ്റേ നൽകിയിരിക്കുന്നത്. അതേസമയം ഫെഡറേഷന്റെ കാര്യങ്ങളിലുള്ള കോടതിയുടെ വിധി ഒരു തേർഡ് പാർട്ടി ഇടപെടലായി കണക്കാക്കി വീണ്ടും ഫിഫയുടെ വിലക്ക് വരുമോയെന്ന ആശങ്ക പലരും ഇതിനെത്തുടർന്ന് പങ്കു വെക്കുകയുണ്ടായി. എന്നാൽ അതിനു സാധ്യതയില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ജേര്ണലിസ്റ്റായ മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തുന്നത്. എഐഎഫ്എഫിന്റെ ഒരു തൊഴിലാളിയുടെ കാര്യത്തിലുള്ള ഇടപെടൽ മാത്രമാണ് കോടതി നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
AIFF Decision To Remove Shaji Prabhakaran Stayed By Court