ബെംഗളൂരുവിന്റെ ഗൂഢനീക്കങ്ങൾ തകർത്ത് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാൻ ഉന്നതതല സമ്മർദ്ദം, ആരാധകപ്പടയുടെ കരുത്തിനെ പേടിച്ച് ഐഎസ്എൽ നേതൃത്വം

ബെംഗളൂരുവിനെതിരെ നടന്ന ഇന്ത്യൻ സൂപ്പർലീഗ് പ്ലേ ഓഫ് മത്സരം മുഴുവനാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളിക്കളം വിട്ട സംഭവത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കസമിതി യോഗം ഇന്ന് രാത്രി ചേരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഫറിയെടുത്ത തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ മത്സരം വീണ്ടും നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയതിനെ തുടർന്നാണ് പെട്ടന്ന് യോഗം ചേരുന്നത്.

യോഗത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ വലിയ നടപടികൾ ഉണ്ടാകില്ലെന്നും ക്ലബ്ബിനെ സംരക്ഷിക്കുന്നതിനായി ഉന്നതതലത്തിൽ നിന്നും ഇടപെടലുകൾ ഉണ്ടാകുമെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭീമമായ പിഴത്തുകയോ അല്ലെങ്കിൽ ഏതാനും മത്സരങ്ങളിൽ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് സസ്പെൻഷനോ നൽകി സംഭവം പരിഹരിക്കാനുള്ള തീരുമാനമാണ് യോഗത്തിൽ ഉണ്ടാകാനുള്ള സാധ്യത.

ബ്ലാസ്റ്റേഴ്‌സിനെതിരെ മുൻപ് പലപ്പോഴും നടപടി എടുത്തിട്ടുള്ള ഐഎസ്എൽ സംഘാടകരായ എഫ്എസ്‌ഡിഎൽ ഇക്കാര്യത്തിൽ ക്ലബിനൊപ്പമാണ് നിൽക്കുന്നത്. ലീഗിൽ വളരെയധികം ആരാധകരുടെ പിന്തുണയുള്ള ടീമിനെതിരെ തിരിഞ്ഞാൽ അത് ടൂർണമെന്റിനെ തന്നെ ബാധിക്കുമെന്ന പേടിയാണ് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂല നിലപാടുണ്ടാകാൻ കാരണം. മത്സരത്തിൽ വിജയം നേടിയതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് ചെറിയ ശിക്ഷ നൽകിയാലും ബെംഗളൂരു എഫ്‌സിക്ക് പരാതിയൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

നേരത്തെ ബെംഗളൂരു എഫ്‌സി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വഴി ഫിഫയെ സമീപിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടിയെടുക്കാൻ പ്രേരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിനുള്ള സാധ്യതയില്ല. സൂപ്പർകപ്പ് കേരളത്തിൽ വെച്ച് നടക്കുന്ന സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടി സ്വീകരിച്ചാൽ അത് ടൂർണമെന്റ് പരാജയപ്പെടുന്നതിനു കാരണമാകുമെന്ന പേടിയുമുണ്ട്.

അതേസമയം മത്സരം ബഹിഷ്‌കരിച്ചതിനു വലിയ നടപടി വരുമെന്നത് മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് റഫറിക്കെതിരെ പരാതി നൽകിയത്. റഫറി മത്സരത്തിൽ വലിയ പിഴവ് വരുത്തിയെന്ന് വ്യക്തമായത് ഐഎസ്എൽ സംഘാടകർക്കും ക്ഷീണമാണ്. അതുകൊണ്ടു തന്നെ ക്ലബിനെതിരെ പിഴശിക്ഷ അടക്കമുള്ള നടപടികളേ ഉണ്ടാകൂവെന്നും വിലക്കുന്ന കാര്യം പരിഗണനയിൽ പോലുമില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

AIFFBengaluru FCIndian Super LeagueKerala Blasters
Comments (0)
Add Comment