ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന സെമി ഫൈനൽ പ്ലേ ഓഫ് മത്സരത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന യോഗം കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതി തള്ളി. മത്സരത്തിൽ റഫറിയെടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്‌തു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധരൂപത്തിൽ നൽകിയ പരാതിയാണ് തള്ളിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മത്സരത്തിൽ ഗോൾ അനുവദിക്കാനുള്ള റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് മൈതാനം വിട്ടു വരാൻ പരിശീലകൻ പറഞ്ഞിരുന്നു. മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടി ഉണ്ടാകുമെന്നിരിക്കെയാണ് ഇന്ന് നടന്ന യോഗത്തിൽ ക്ലബ് നൽകിയ പരാതി എഐഎഫ്എഫ് തള്ളിയത്.
മത്സരം വീണ്ടും നടത്തണം, റഫറിക്കെതിരെ നടപടി വേണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരാതിയിൽ പറഞ്ഞത്. റഫറി ഗോൾ അനുവദിച്ചതിലെ പാകപ്പിഴകളും ബ്ലാസ്റ്റേഴ്‌സ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ പരാതി തള്ളിയ കമ്മിറ്റി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ അച്ചടക്കലംഘനം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
അച്ചടക്കവുമായി ബന്ധപ്പെട്ട നിയമത്തിലെ ആർട്ടിക്കിൾ 58 കേരള ബ്ലാസ്റ്റേഴ്‌സ് ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. സംഭവത്തിന്റെ തീവ്രത അനുസരിച്ചാണ് ഇതിനുള്ള ശിക്ഷാനടപടി വരിക. ആറു ലക്ഷം രൂപ മുതൽ വരാനിരിക്കുന്ന ടൂർണമെന്റുകളിൽ നിന്നുള്ള വിലക്ക് വരെയാണ് ഇതിനുള്ള പരമാവധി ശിക്ഷയായി നൽകുക.
കടുത്ത ശിക്ഷ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഉണ്ടാകില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ പിണക്കാൻ ഐഎസ്എൽ അധികൃതർ മടിക്കും. സൂപ്പർലീഗ് മത്സരങ്ങൾ കേരളത്തിലാണ് നടക്കാൻ പോകുന്നത്. അതുകൊണ്ടു തന്നെ വലിയ പ്രശ്‌നങ്ങളില്ലാതെ സംഭവം തീർക്കാനാണ് ഐഎസ്എല്ലും ശ്രമിക്കുന്നത്.