2034ലെ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിലും നടക്കും, സൗദിക്കൊപ്പം ചേർന്ന് ആതിഥേയത്വം വഹിക്കാൻ നീക്കങ്ങൾ | AIFF

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 2034ലെ ഫിഫ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ ഇന്ത്യയിൽ വെച്ച് നടത്താനുള്ള നീക്കങ്ങൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2034 ലോകകപ്പിന്റെ ആതിഥേയരായ സൗദി അറേബ്യക്കൊപ്പം ചേർന്ന് മത്സരങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള വ്യക്തികൾക്കിടയിൽ നൽകപ്പെട്ട ഒരു സർക്കുലറിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മേധാവിയായ കല്യാൺ ചൗബേ ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സൗദിയുമായി ഇതിനു വേണ്ടി ചർച്ചകൾ നടത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസമാണ് സൗദിയിൽ വെച്ചാണ് 2034 ലോകകപ്പ് നടക്കുകയെന്ന് ഫിഫ പ്രഖ്യാപിച്ചത്. 2034 ലോകകപ്പിനായി ബിഡ് നൽകിയ ഒരേയൊരു രാജ്യം സൗദിയായിരുന്നു. ഒക്ടോബർ 18നു നടന്ന ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ യോഗത്തിൽ സൗദിക്ക് പിന്തുണ നൽകാനായിരുന്നു തീരുമാനം. ഇന്ത്യയും തങ്ങളുടെ പിന്തുണ സൗദി അറേബ്യക്ക് നൽകിയിരുന്നു. ലോകകപ്പിനായി ബിഡ് നൽകാനിരുന്ന ഓസ്‌ട്രേലിയ പിന്മാറുകയും ചെയ്‌തു.

ഏതാനും മത്സരങ്ങൾ ഇന്ത്യയിൽ വെച്ച് നടത്താനുള്ള പദ്ധതികളാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മേധാവി അവലംബിച്ചു കൊണ്ടിരിക്കുന്നത്. പത്ത് മത്സരങ്ങളെങ്കിലും ഇന്ത്യയിൽ നടത്താമെന്ന് അവർ പ്രതീക്ഷിക്കുന്നു. അടുത്ത ലോകകപ്പ് മുതൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി കൂടുതൽ രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. 48 ടീമുകൾ പങ്കെടുക്കുന്ന 2034 ലോകകപ്പിലും 104 മത്സരങ്ങളാണ് നടക്കുക.

2034 ലോകകപ്പ് ഏഷ്യ, ഓഷ്യാനിയ മേഖലയിൽ നിന്നുള്ള രാജ്യങ്ങളിലേ നടത്താനാകൂ എന്ന് ഫിഫ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്തായാലും ഇന്ത്യയുടെ പദ്ധതി നടപ്പിലായാൽ അത് വലിയൊരു വിപ്ലവമാണ് ഇന്ത്യൻ ഫുട്ബോളിൽ സൃഷ്‌ടിക്കുക. ഇന്ത്യൻ ഫുട്ബോൾ അതോടു കൂടി കൂടുതൽ വളരാനും കൂടുതൽ പേർ അതിലേക്ക് ആകർഷിക്കപ്പെടാനും കാരണമാകുമെന്നതിൽ സംശയമില്ല.

AIFF Plans To Host Few Matches Of 2034 World Cup

2034 World CupAIFFFIFAIndiaSaudi Arabia
Comments (0)
Add Comment