വിപ്ലവമാറ്റത്തിനു വഴിതെളിയിച്ച സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടി തുടരുന്നു, ക്ലബിന്റെയും ഇവാന്റെയും അപ്പീലുകൾ തള്ളി | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ വിവാദഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ടതിനുള്ള ശിക്ഷയായി പിഴയും വിലക്കും ചുമത്തിയ നടപടിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സും ഇവാൻ വുകോമനോവിച്ചും നൽകിയ അപ്പീൽ എഐഎഫ്എഫ് അപ്പീൽ കമ്മിറ്റി തള്ളിക്കളഞ്ഞു.

കഴിഞ്ഞ സീസണിലെ മത്സരത്തിൽ എക്‌സ്ട്രാ ടൈമിൽ ഛേത്രി നേടിയ ഗോളാണ് വലിയ വിവാദങ്ങൾ ഉയർത്തിയത്. താരങ്ങൾ വോൾ ഒരുക്കും മുമ്പേയാണ് ഛേത്രി ഫ്രീ കിക്ക് എടുത്തത്. റഫറി അതനുവദിക്കുകയും ചെയ്‌തു. സംഭവത്തിൽ പ്രതിഷേധിച്ച് മത്സരം മുഴുവനാക്കാതെ തന്റെ താരങ്ങളെ പരിശീലകൻ തിരിച്ചു വിളിച്ചു. വലിയ ഒച്ചപ്പാടുകളാണ് ഈ സംഭവം ഉണ്ടാക്കിയത്.

സംഭവത്തിൽ അന്വേഷണം നടത്തിയ എഐഎഫ്എഫ് ബ്ലാസ്റ്റേഴ്‌സ് ക്ലബിനും പരിശീലകൻ വുകോമനോവിച്ചിനും ശിക്ഷ വിധിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴശിക്ഷ വിധിച്ചപ്പോൾ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ചു ലക്ഷം രൂപ പിഴയുമാണ് വന്നത്. ഈ നടപടിക്കെതിരെ നൽകിയ അപ്പീൽ നൽകിയ കമ്മിറ്റി പിഴത്തുക രണ്ടാഴ്‌ചക്കുള്ളിൽ അടക്കണമെന്ന് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.

തീർത്തും ന്യായമായ കാര്യത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധം നടത്തിയതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ്ങിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഈ സംഭവം ഉയർത്തിയ വിവാദങ്ങളെ തുടർന്ന് അടുത്ത സീസണിൽ വീഡിയോ റഫറിയിങ് ഉണ്ടാകുമെന്ന തീരുമാനം വന്നെങ്കിലും അതിനു കാരണക്കാരായവർക്ക് തിരിച്ചടികൾ തുടരുകയാണ്.

AIFF Reject Kerala Blasters Vukomanovic Appeal

AIFFIndian Super LeagueIvan VukomanovicKerala Blasters
Comments (0)
Add Comment