മോഹൻ ബഗാൻ താരത്തിനു നാല് മത്സരങ്ങളിൽ വിലക്ക്, കേരള ബ്ലാസ്റ്റേഴ്‌സിനു ഗുണം ചെയ്യും | AIFF

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിൽ നടന്ന വിവാദങ്ങളുയർത്തിയ മത്സരത്തിനിടയിൽ റഫറി കാർഡ് പുറത്തെടുത്തപ്പോൾ അതിനെതിരെ പ്രതിഷേധിക്കുകയും റഫറിയുടെ ദേഹത്ത് തൊടുകയും ചെയ്‌ത മോഹൻ ബഗാൻ താരം ലിസ്റ്റൻ കോളാകോയെ നാല് മത്സരങ്ങളിൽ നിന്നും വിലക്കി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കസമിതി.

വിലക്ക് വന്നത് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമാണ്. ഇന്ന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുക മോഹൻ ബഗാനെതിരെയാണ്. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരം പുറത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യാനിടയുണ്ട്. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയ മോഹൻ ബഗാന് കൂടുതൽ തിരിച്ചടിയാണിത്.

ലിസ്റ്റണിന് നാല് മത്സരങ്ങളിൽ വിലക്ക് നൽകിയപ്പോൾ മുംബൈ സിറ്റിയുടെ താരമായ ആകാശ് മിശ്രക്ക് മൂന്നു മത്സരങ്ങളിലും വിലക്ക് നൽകിയിട്ടുണ്ടെന്ന് മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തുന്നു. അതേസമയം മത്സരത്തിൽ ചുവപ്പുകാർഡ് കിട്ടിയ ബാക്കി താരങ്ങൾക്കെല്ലാം ഒരു മത്സരത്തിൽ മാത്രമേ വിലക്കുണ്ടാകൂ എന്നാണു പറയുന്നത്. മൊത്തം ഏഴു ചുവപ്പുകാർഡുകൾ മത്സരത്തിൽ പിറന്നിരുന്നു.

അതേസമയം ചുവപ്പുകാർഡ് കിട്ടിയതിനു ശേഷം റഫറിയോട് പണം വാങ്ങിയല്ലേ എന്ന ആംഗ്യം കാണിച്ച മുംബൈ സിറ്റി താരം ഗ്രെഗ് സ്റ്റുവർട്ടിനു നിലവിൽ ഒരു മത്സരത്തിലാണ് വിലക്കെങ്കിലും താരത്തിന്റെ കാര്യം അച്ചടക്കസമിതി ചർച്ച ചെയ്‌തു കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ ഒരു മത്സരത്തിൽ വിലക്ക് നൽകിയത് അവസാന തീരുമാനമായിരിക്കാൻ സാധ്യതയില്ലെന്നും മാർക്കസ് മെർഗുലാവോ പറയുന്നു.

ചുവപ്പുകാർഡ് കിട്ടിയ എല്ലാ താരങ്ങൾക്കും വിലക്ക് വന്നതോടെ ഇന്ന് നടക്കുന്ന മത്സരത്തിൽ നാല് മുംബൈ സിറ്റി താരങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പായി. മോഹൻ ബഗാനെതിരെ ഇറങ്ങുമ്പോൾ ലിസ്റ്റണും കളിക്കില്ല. അതേസമയം പരിക്കിന്റെ പിടിയിലായിരുന്ന സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങിയേക്കും. ഇന്നലത്തെ മത്സരത്തിൽ താരം പകരക്കാരുടെ നിരയിൽ ഉണ്ടായിരുന്നു.

AIFF Took Actions Against MBSG MCFC Players

AIFFISLListon ColacoMohun BaganMumbai City FC
Comments (0)
Add Comment