കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവേട്ടക്കാരിൽ അയ്‌മന്റെ കുതിപ്പ്, ഒന്നാം സ്ഥാനം വളരെയടുത്ത്

കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്‌സിയുമായി നടന്ന ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങുകയാണ് ചെയ്‌തത്‌. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ പഞ്ചാബ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. പകരക്കാരനായിറങ്ങിയ മലയാളി താരം മൊഹമ്മദ് അയ്‌മനാണു ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ നേടിയത്.

പഞ്ചാബ് എഫ്‌സിക്കെതിരായ ഗോൾ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ ഇന്ത്യൻ താരങ്ങളിൽ അയ്‌മൻ മുൻനിരയിലേക്ക് വന്നിട്ടുണ്ട്. നിലവിൽ ഏറ്റവുമധികം ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സിലെ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ അയ്‌മൻ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. എട്ടു ഗോളുകളാണ് താരം ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സിനായി പതിനൊന്നു ഗോളുകൾ നേടിയിട്ടുള്ള മലയാളി താരം സികെ വിനീതാണ് ലിസ്റ്റിൽ ഒന്നാമതു നിൽക്കുന്നത്. സഹൽ അബ്‌ദുൾ സമദ് പത്ത് ഗോളുകൾ നേടി രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ എട്ടു ഗോളുകൾ നേടി മൂന്നാം സ്ഥാനത്തുള്ളത് രണ്ടു താരങ്ങളാണ്. അയ്‌മനു പുറമെ രാഹുൽ കെപിയാണ് ബ്ലാസ്റ്റേഴ്‌സിനായി എട്ടു ഗോളുകൾ നേടിയിരിക്കുന്നത്.

അയ്‌മൻ ഗോൾ നേടാനെടുത്ത മത്സരങ്ങൾ കുറവാണെന്ന പ്രത്യേകതയുണ്ട്. സികെ വിനീത് 43 മത്സരങ്ങളിൽ നിന്നാണ് 11 ഗോളുകൾ നേടിയത്. സഹൽ പത്ത് ഗോളുകൾ നേടാനെടുത്തത് 97 മത്സരങ്ങളാണ്. രാഹുൽ കെപി 78 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ നേടിയപ്പോൾ മുഹമ്മദ് അയ്‌മനു എട്ടു ഗോളുകൾ നേടാൻ വേണ്ടി വന്നത് 35 മത്സരങ്ങൾ മാത്രമാണ്.

ഇതിലെ പല മത്സരങ്ങളിലും താരം പകരക്കാരനായാണ് ഇറങ്ങിയതെന്ന പ്രത്യേകത കൂടിയുണ്ട്. വെറും ഇരുപത്തിയൊന്ന് വയസ് മാത്രമാണ് അയ്‌മന്റെ പ്രായം. അതുകൊണ്ടു തന്നെ വളരാൻ ഇനിയുമൊരുപാട് സമയം ബാക്കിയുണ്ട്. മിക്കവാറും ഈ സീസൺ അവസാനിക്കുമ്പോഴേക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ ടോപ് സ്കോറർമാരിൽ അയ്‌മൻ ഒന്നാം സ്ഥാനത്തുണ്ടാകും.

KBFCKerala BlastersMohammed Aimen
Comments (0)
Add Comment