ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ശക്തി പ്രാപിച്ചിരിക്കുന്ന സമയമാണിപ്പോൾ. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ക്ലബിൽ തുടരുമോ അതോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോയെന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമൊന്നും ആയിട്ടില്ല. താരത്തിനും പിഎസ്‌ജിക്കും കരാർ പുതുക്കുന്ന കാര്യത്തിൽ മുൻപുണ്ടായിരുന്ന താൽപര്യം ഇപ്പോഴില്ലെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
യൂറോപ്പിൽ തന്നെ തുടരാനാണ് ലയണൽ മെസിക്ക് താൽപര്യമെങ്കിലും താരത്തെ സ്വന്തമാക്കാൻ ഏതെങ്കിലും ക്ലബ് തയ്യാറാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഉയർന്ന വേതനവും ക്ലബിന്റെ ദീർഘകാല പ്രൊജക്റ്റുകൾക്ക് പറ്റിയ താരമല്ലെന്നതും ടീമിന്റെ പദ്ധതികൾ മാറ്റേണ്ടി വരുമെന്നതും മെസിയെ സ്വന്തമാക്കുന്നതിൽ നിന്നും ക്ളബുകളെ പിന്തിരിപ്പിച്ചേക്കാം. മെസിയുടെ മുൻ ക്ലബായ ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.
Saudi Arabia and Al Hilal 'are preparing a £194m-a-season deal for Lionel Messi' https://t.co/NsOjNdNVx7 pic.twitter.com/lsoczDmZtw
— MailOnline Sport (@MailSport) March 15, 2023
മെസിയുടെ ഈ അനിശ്ചിതാവസ്ഥ മുതലെടുത്ത് താരത്തെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ ശ്രമം തുടങ്ങിയെന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ ടൂറിസം അംബാസിഡറെന്ന നിലയിൽ സൗദി സന്ദർശിക്കുന്ന മെസിക്കൊപ്പം ഏജന്റ് കൂടിയായ പിതാവുമുണ്ടെന്നത് കരാർ ചർച്ചകൾ നടക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം 194 മില്യൺ പൗണ്ടിന്റെ കരാറാണ് മെസിക്ക് അൽ ഹിലാൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. മെസി ഇത് സ്വീകരിച്ചാൽ 175 മില്യൺ പൗണ്ട് പ്രതിഫലത്തിൽ സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോയെ മറികടന്ന് ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായി മാറാൻ കഴിയും.
എന്നാൽ ലയണൽ മെസി സൗദിയുടെ ഓഫറിനെ സ്വീകരിക്കാനുള്ള സാധ്യതയില്ല. അടുത്ത കോപ്പ അമേരിക്കക്കാരി മികച്ച രീതിയിൽ തയ്യാറെടുക്കാൻ മെസി യൂറോപ്പിൽ തന്നെ തുടരാനാണ് സാധ്യത. യൂറോപ്പ് വിടുകയാണെങ്കിൽ തന്നെ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയെയാണ് മെസി പരിഗണിക്കാൻ സാധ്യത.