സെർബിയൻ താരങ്ങൾ തീതുപ്പിയപ്പോൾ അൽ നസ്ർ ചിറകു കരിഞ്ഞു വീണു, സൗദിയിലെ വമ്പൻ പോരാട്ടത്തിൽ അൽ ഹിലാലിനു ജയം | Al Hilal

സൗദി പ്രൊ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന വമ്പൻ ക്ലബുകളുടെ പോരാട്ടത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിനെ നിലം തൊടാതെ പറപ്പിച്ച് ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ക്ലബായ അൽ ഹിലാൽ. ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിൽ നടന്ന പോരാട്ടത്തിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് അൽ ഹിലാൽ സ്വന്തമാക്കിയത്. ഇതോടെ ലീഗിലെ പോയിന്റ് വ്യത്യാസം വർധിപ്പിക്കാൻ അൽ ഹിലാലിനായി.

ഗോളുകളൊന്നും ഇല്ലാതെ കടന്നു പോയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ സെർബിയൻ താരമായ മിലിങ്കോവിച്ച് സാവിച്ചാണ് അൽ ഹിലാലിനെ മുന്നിലെത്തിച്ചത്. അബ്‌ദുൽഹമദിന്റെ ക്രോസ് മികച്ചൊരു ഹെഡറിലൂടെ താരം വലയിലെത്തിച്ചു. മത്സരത്തിൽ റൊണാൾഡോ ഒരു ഗോൾ നേടിയിരുന്നെങ്കിലും റഫറി അത് നിഷേധിച്ചിരുന്നു. മാനെ പാസ് നൽകുന്ന സമയത്ത് റൊണാൾഡോ ഓഫ്‌സൈഡ് ആയതിനാലാണ് റഫറി ഗോൾ നിഷേധിച്ചത്. ഇത് അൽ നസ്റിനു തിരിച്ചടിയായി.

മത്സരം അവസാനത്തോടടുത്തപ്പോഴാണ് അൽ ഹിലാൽ ലീഡ് വർധിപ്പിക്കുന്നത്. സലേം അൽ ദൗസാരി എടുത്ത കോർണറിൽ നിന്നും ഒരു ബുള്ളറ്റ് ഹെഡറിലൂടെ സെർബിയയുടെ തന്നെ താരമായ അലക്‌സാണ്ടർ മിട്രോവിച്ച് അൽ ഹിലാലിന്റെ രണ്ടാമത്തെ ഗോൾ നേടി. അതിനു പിന്നാലെ സാവിച്ചിന്റെ അസിസ്റ്റിൽ മറ്റൊരു ഗോൾ കൂടി നേടി താരം വിജയം ഉറപ്പിച്ചു. അവസാന മിനുട്ടിൽ മിട്രോവിച്ച് ഒരു ഗംഭീര ബൈസിക്കിൾ കിക്ക് നടത്തിയെങ്കിലും പന്ത് വലക്കരികിലൂടെ പുറത്തേയ്ക്കാണ് പോയത്.

അവസാന മിനിറ്റുകളിൽ അൽ ഹിലാലിന്റെ ഒരു താരത്തിന് ചുവപ്പുകാർഡ് കിട്ടിയെങ്കിലും അപ്പോഴേക്കും ടീം വിജയം ഉറപ്പിച്ചിരുന്നു. അതേസമയം മത്സരത്തിന് ശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോൾ നിഷേധിച്ച് അൽ നസ്‌റിന്റെ സാധ്യതകൾ പൂർണമായും ഇല്ലാതാക്കിയതിനെ തുറന്നാണ് റഫറിക്കെതിരെ ആരാധകർ തിരിഞ്ഞിരിക്കുന്നത്. എന്തായാലും ഈ തോൽവി അൽ നസ്റിന് നിരാശയാണ്.

ഇരുപതു മത്സരങ്ങൾക്ക് ശേഷമാണ് അൽ നസ്ർ ഒരു കളിയിൽ തോൽവി വഴങ്ങുന്നത്. നിലവിൽ അൽ ഹിലാൽ നാൽപത്തിയൊന്ന് പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അൽ നസ്ർ ഏഴു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ്. അൽ നസ്‌റിന്റെ നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഈ സീസണിലും അൽ നസ്റിന് കിരീടം സ്വന്തമാക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ ഇനിയും മത്സരങ്ങൾ ബാക്കിയുള്ളത് റൊണാൾഡോക്കും സംഘത്തിനും പ്രതീക്ഷയാണ്.

Al Hilal Won Against Al Nassr In Saudi Pro League

Al HilalAl NassrAleksandar MitrovicCristiano RonaldoSaudi Pro League
Comments (0)
Add Comment