കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ പതിനാലു ഗോളുകളാണ് ലീഗിൽ അടിച്ചു കൂട്ടിയത്. തന്റെ ഗോളടിമികവ് സൗദി അറേബ്യൻ ലീഗിൽ തെളിയിച്ച താരം അടുത്ത തവണ ലീഗിലെ ടോപ് സ്കോററായി മാറാനുള്ള സാധ്യതയുണ്ട്. റൊണാൾഡോക്ക് ഗോളവസരങ്ങൾ ഒരുക്കാനുള്ള വമ്പൻ സൈനിങിനരികിലാണ് അൽ നസ്‌റും.
റിപ്പോർട്ടുകൾ പ്രകാരം ചെൽസിയുടെ മൊറോക്കൻ താരമായ ഹക്കിം സിയച്ചിനെ സ്വന്തമാക്കാൻ അൽ നസ്ർ വാക്കാലുള്ള കരാറിൽ എത്തിയിട്ടുണ്ട്. മുപ്പതുകാരനായ താരവുമായി മൂന്നു വർഷത്തെ കരാറിലാണ് അൽ നസ്ർ എത്തിയതെന്ന് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ സ്ഥിരീകരിക്കുന്നു. ഏതാണ്ട് പത്തു മില്യൺ യൂറോയോളമാണ് താരത്തിനായി അൽ നസ്ർ മുടക്കിയത്.
Understand Al Nassr have reached full verbal agreement with Hakim Ziyech to join the club. Personal terms agreed. 🚨🟡🔵🇸🇦
Ziyech will sign until June 2026, if all goes to plan.
Agreement reached also with Chelsea, waiting to prepare, check then sign contracts.
Here we go! 🇲🇦 pic.twitter.com/wywVV8cocB
— Fabrizio Romano (@FabrizioRomano) June 21, 2023
ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞ സിയച്ച് കഴിഞ്ഞ സീസണിൽ ഇരുപത്തിനാലു മത്സരങ്ങളിൽ മാത്രമാണ് കളിക്കാനിറങ്ങിയത്. അതിൽ ഭൂരിഭാഗം മത്സരങ്ങളിലും താരം സബ്സ്റ്റിറ്റിയൂട്ടും ആയിരുന്നു. കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സിയച്ചിന് പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനു പിന്നാലെയാണ് യൂറോപ്പ് തന്നെ വിടാനുള്ള തീരുമാനം താരം എടുത്തത്.
നോനി മദൂക്കെ, ക്രിസ്റ്റഫർ എൻകുങ്കു എന്നീ താരങ്ങളെ സ്വന്തമാക്കിയതിനാൽ സിയച്ച് ക്ലബ് വിടുന്നത് ചെൽസിയെ ബാധിക്കില്ല. അതേസമയം മികച്ച അസിസ്റ്റുകളും ക്രോസുകളും നൽകാൻ കഴിയുന്ന മൊറോക്കൻ താരത്തിന്റെ സാന്നിധ്യം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വലിയ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ലോകകപ്പിൽ മൊറോക്കോക്ക് വേണ്ടി ഉജ്ജ്വല പ്രകടനമാണ് സിയച്ച് നടത്തിയത്.
Al Nassr Reached Verbal Agreement With Hakim Ziyech