തന്റെ പ്രൊഫെഷണൽ കരിയറിൽ ഒരു ടീമിനായി ലയണൽ മെസിയുടെ ഏറ്റവും മികച്ച തുടക്കം ഇന്റർ മിയാമിക്കൊപ്പമാണ് എന്ന കാര്യത്തിൽ സംശയമില്ല. യൂറോപ്പിനെ വെച്ചു നോക്കുമ്പോൾ അമേരിക്കൻ ലീഗിന്റെ നിലവാരം കുറവാണെങ്കിലും അവിടെ എത്തിയതു മുതൽ അതിഗംഭീര ഫോമിലാണ് ലയണൽ മെസി. മൂന്നു മത്സരങ്ങളിൽ ഇന്റർ മിയാമിക്കായി കളിക്കാനിറങ്ങിയ അർജന്റീന താരം അഞ്ചു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ലയണൽ മെസി ഒറ്റക്കല്ല ഇന്റർ മിയാമിയിലേക്ക് വന്നത്. മെസിക്കു പിന്നാലെ മുൻ ബാഴ്‌സലോണ താരങ്ങളായ സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവരും ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരുന്നു. ബുസ്‌ക്വറ്റ്സ് മെസിക്കൊപ്പം മൂന്നു മത്സരങ്ങളിലും ഇറങ്ങിയപ്പോൾ ജോർദി ആൽബ കഴിഞ്ഞ മത്സരത്തിലാണ് ഇന്റർ മിയാമി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലയണൽ മെസി ഇപ്പോൾ നടത്തുന്ന മികച്ച പ്രകടനത്തിന്റെ കാരണം താരം വ്യക്തമാക്കി.
🗣 Jordi Alba on Lionel Messi: "He feels supported, loved and that's the most important thing. At PSG he didn't have a good time, but he recovered his joy. I repeat, it's a challenge that personally excites him a lot and I see him very happy." Via Goal. pic.twitter.com/cntIvX7MG4
— Roy Nemer (@RoyNemer) August 4, 2023
“വളരെയധികം പിന്തുണയും സ്നേഹവും താരത്തിന് ഇവിടെ നിന്നും ലഭിക്കുന്നുണ്ട്, അത് വളരെ പ്രധാനമാണ്. പിഎസ്‌ജിയിൽ കളിച്ചിരുന്ന സമയം താരത്തിന് ഒട്ടും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ മെസി തന്റെ സന്തോഷം തിരിച്ചു പിടിച്ചു കഴിഞ്ഞു. ഇവിടുത്തെ മത്സരങ്ങൾ നൽകുന്ന വെല്ലുവിളി മെസിക്ക് വ്യക്തിപരമായി വലിയ ആവേശം നൽകുന്നുണ്ട്, താരത്തെ വളരെ സന്തോഷവാനായാണ് ഞാൻ കാണുന്നത്.” മാധ്യമങ്ങളോട് ആൽബ പറഞ്ഞു.
ഇന്റർ മിയാമിയിൽ ജീവിതം ലയണൽ മെസി വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഓരോ മത്സരത്തിലും വളരെ അനായാസവും ആസ്വദിച്ചുമാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തോടൊപ്പം മിയാമിയിലുള്ള ജീവിതം നൽകുന്ന സന്തോഷം താരം കളിക്കളത്തിലും പ്രകടമാക്കുന്നു. മെസി വന്നതിനു ശേഷം തുടർച്ചയായി മൂന്നു മത്സരങ്ങൾ വിജയിച്ച ഇന്റർ മിയാമിയുടെ അടുത്ത മത്സരം ലീഗ് കപ്പിന്റെ പ്രീ ക്വാർട്ടറിലാണ്.
Alba Reveals How Messi Got His Smile Back