ഖത്തർ ലോകകപ്പിൽ അർജന്റീന ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് അലക്സിസ് മാക് അലിസ്റ്റർ. ആദ്യത്തെ മത്സരങ്ങളിൽ അർജന്റീനയുടെ ആദ്യ ഇലവനിൽ ഇടമില്ലായിരുന്നെങ്കിലും ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത താരം പിന്നീട് ടീമിലെ സ്ഥിരസാന്നിധ്യമായി മാറി. പോളണ്ടിനെതിരായ മത്സരത്തിൽ ഒരു ഗോൾ നേടിയ താരം ഫൈനലിൽ ഫ്രാൻസിനെതിരെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
ലോകകപ്പിന് ശേഷം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ മാക് അലിസ്റ്റർക്ക് നിരവധി ഓഫറുകൾ വന്നിരുന്നു. എന്നാൽ അതൊന്നും പരിഗണിക്കാതെ തന്റെ ക്ലബായ ബ്രൈറ്റണിൽ തന്നെ അലിസ്റ്റർ തുടർന്നെങ്കിലും സീസണിന്റെ അവസാനം പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സാധ്യത താരം തള്ളിക്കളഞ്ഞിരുന്നില്ല. ഇപ്പോൾ അലിസ്റ്റർ ട്രാൻസ്ഫറിനു തൊട്ടരികിലാണെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളാണ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
🥇| Alexis Mac Allister has given the “yes” to Liverpool. [@FabrizioRomano for @GiveMeSport] pic.twitter.com/EzO3GYvjlT
— Anfield Edition (@AnfieldEdition) May 19, 2023
ഫാബ്രിസിയോ റൊമാനോ, ഡേവിഡ് ഓൺസ്റ്റീൻ എന്നിങ്ങനെയുള്ള ട്രാൻസ്ഫർ എക്സ്പെർട്ടുകൾ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ലിവർപൂളിലേക്ക് ചേക്കേറാൻ അലക്സിസ് മാക് അലിസ്റ്റർ സമ്മതം മൂളിയിട്ടുണ്ട്. എന്നാൽ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇതുവരെയും പൂർത്തിയായിട്ടില്ല. അർജന്റീന താരം അടുത്ത സീസണിൽ ലിവർപൂളിൽ തന്നെയാവും കളിക്കുകയെന്നാണ് എല്ലാ റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.
ഈ സീസണിനു ശേഷം മൂന്നു മധ്യനിര താരങ്ങൾ ഉൾപ്പെടെ നാല് കളിക്കാരാണ് ലിവർപൂളിൽ നിന്നും പോകുന്നത്. അതിനു പകരക്കാരനായാണ് അർജന്റീന താരത്തെ ലിവർപൂൾ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. എഴുപതു മില്യൺ യൂറോ ഇതിനായി മുടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലിവർപൂളിന്റെ പത്താം നമ്പർ ജേഴ്സി മാക് അലിസ്റ്റർക്കായി മാറ്റി വെച്ചിട്ടുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Alexis Mac Allister Said Yes To Liverpool