എല്ലാം നേരത്തെ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു, ബ്രസീലിന്റെ തിരിച്ചുവരവു കണ്ടു ഞെട്ടാൻ തയ്യാറായിക്കോളൂ | Brazil

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റു പുറത്തായതോടെ ബ്രസീൽ ടീമിന് മേൽ വലിയ സമ്മർദ്ദമാണ് ഉണ്ടായത്. ഫുട്ബോളിൽ ഏറ്റവും മികച്ച പ്രതിഭകളെ ഉണ്ടാക്കുന്ന രാജ്യമായിട്ടും 2002ൽ കിരീടം നേടിയതിനു ശേഷം ഒരിക്കൽപ്പോലും ലോകകപ്പിന്റെ ഫൈനൽ കളിക്കാൻ ബ്രസീലിനു കഴിഞ്ഞിട്ടില്ല. അർജന്റീന കഴിഞ്ഞ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതോടെ ബ്രസീലിയൻ ഫുട്ബോളിൽ വലിയൊരു മാറ്റം തന്നെ വേണമെന്ന ആവശ്യം മുൻ താരങ്ങളടക്കം ഉന്നയിക്കുകയും ചെയ്‌തു.

ഖത്തർ ലോകകപ്പിനു പിന്നാലെ ടിറ്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതിനു പകരക്കാരനായി ബ്രസീൽ യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെയാണ് പരിഗണിച്ചത്. നിരവധി മാനേജർമാരുടെ പേര് ബ്രസീലുമായി ചേർത്തു കേട്ടിരുന്നെങ്കിലും അതിൽ ശക്തമായി വന്നത് കാർലോ ആൻസലോട്ടിയുടേതാണ്. ബ്രസീലിയൻ ആരാധകർക്കും വലിയ പ്രതീക്ഷ നൽകിയ അഭ്യൂഹമായിരുന്നു അത്. ആൻസലോട്ടി കോപ്പ അമേരിക്കക്ക് മുൻപ് ബ്രസീൽ പരിശീലകനായി എത്തുമെന്ന് സിബിഎഫ് മേധാവികളും പറയുകയുണ്ടായി.

എന്നാൽ ആരാധകരെ ആശങ്കയിലാഴ്ത്തിയാണ് കാർലോ ആൻസലോട്ടിയുടെ കരാർ പുതുക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന താരം അതിനു മുൻപ് ഒരു കിരീടമെങ്കിലും നേടുകയാണെങ്കിൽ രണ്ടു വർഷത്തേക്ക് കൂടി കരാർ പുതുക്കാനുള്ള പദ്ധതിയാണ് റയൽ മാഡ്രിഡിനുള്ളതെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായത്. ബ്രസീൽ ആരാധകരുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ വാർത്തയായിരുന്നു അത്.

എന്നാൽ റയൽ മാഡ്രിഡ് ആൻസലോട്ടിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ ബ്രസീലിനു യാതൊരു ആശങ്കയുമില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പറയുന്നത്. ബ്രസീൽ ദേശീയ ടീമുമായി ആൻസലോട്ടി നേരത്തെ തന്നെ കരാർ ഒപ്പിട്ടതാണെന്നും ഈ സീസണിനു ശേഷം അദ്ദേഹം ടീമിലേക്ക് വരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് ആൻസലോട്ടി എത്തുന്നതോടെ സ്ഥാനമൊഴിയുകയും ചെയ്യും.

ആൻസലോട്ടിയെപ്പോലെയൊരു പരിശീലകനെ ബ്രസീൽ ടീമിന് നിലവിൽ ആവശ്യമാണ്. യൂറോപ്പിൽ നിരവധി വർഷങ്ങളായി ടോപ് ലെവലിൽ ടീമുകളെ പരിശീലിപ്പിക്കുന്ന അദ്ദേഹം ഇതുവരെ ഒരു ദേശീയ ടീമിന്റെ പോലും മുഖ്യ പരിശീലകനായി വന്നിട്ടില്ല. ബ്രസീൽ നിലവിൽ മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കെ ടീമിനെ അടിമുടി മാറ്റാൻ അദ്ദേഹത്തിന് കഴിയും. അടുത്ത ലോകകപ്പ് സ്വന്തമാക്കാമെന്ന പ്രതീക്ഷയും ഇതോടെ വർധിച്ചിട്ടുണ്ട്.

Ancelotti Already Signed Contract With Brazil

BrazilCarlo Ancelotti
Comments (0)
Add Comment