ആൻസലോട്ടി തന്നെ ബ്രസീൽ പരിശീലകനാകും, തീരുമാനമെടുത്ത് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ | Brazil

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു ശേഷം ബ്രസീൽ പരിശീലകനായ ടിറ്റെ സ്ഥാനം ഒഴിഞ്ഞതിനു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീൽ. നിരവധി പരിശീലകരുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽ ഏറ്റവുമധികം പറഞ്ഞു കേട്ട പേര് ഇറ്റാലിയൻ പരിശീലകനായ കാർലോ ആൻസലോട്ടിയുടേത് ആയിരുന്നു. എന്നാൽ റയൽ മാഡ്രിഡിൽ തന്നെ ഒരു വർഷം തുടരാനാണ് ആൻസലോട്ടി തീരുമാനമെടുത്തത്.

ആൻസലോട്ടി ഒരു വർഷം കൂടി റയൽ മാഡ്രിഡിനൊപ്പം തുടരുമെങ്കിലും അദ്ദേഹത്തെ പരിശീലകനായി നിയമിക്കുക എന്ന പദ്ധതിയിൽ നിന്നും ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ഒരു തരത്തിലും പുറകോട്ടു പോയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം 2024ൽ റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുന്ന അദ്ദേഹത്തെ ദേശീയ ടീമിന്റെ പരിശീലകനായി നിയമിക്കാനാണ് ബ്രസീൽ ഒരുങ്ങുന്നത്.

മൂന്നു വർഷത്തെ റയൽ മാഡ്രിഡ് കരാർ അവസാനിച്ചാൽ ആൻസലോട്ടി അത് വീണ്ടും നീട്ടാനുള്ള സാധ്യത വളരെ കുറവാണ്. ഈ സാഹചര്യം മുതലെടുത്ത് അദ്ദേഹത്തെ സ്വന്തമാക്കാമെന്ന ഉറച്ച വിശ്വാസം ബ്രസീൽ ഫുട്ബോൾ ഫെഡറേഷനുണ്ടെന്ന് ഗ്ലോബെ എസ്പോർട്ടെ വെളിപ്പെടുത്തുന്നു. കരിയറിൽ ക്ലബ് തലത്തിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ആൻസലോട്ടി ആദ്യമായി ഒരു ദേശീയ ടീമിന്റെ പ്രധാന പരിശീലകനാവാനുള്ള അവസരവും സ്വീകരിക്കുമെന്നുറപ്പാണ്.

എന്തായാലും ഒരു സ്ഥിരം പരിശീലകനെ നിയമിക്കാൻ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പതിനെട്ടു മാസത്തോളം കാത്തിരിക്കുകയെന്നത് വിചിത്രമായ കാര്യമാണ്. നിലവിൽ താൽക്കാലിക പരിശീലകൻ റാമോൺ മെനസസാണ് ബ്രസീൽ ടീമിനെ പരിശീലിപ്പിക്കുന്നത്. ആൻസലോട്ടി അടുത്ത സീസണിൽ വരുകയാണെങ്കിൽ കോപ്പ അമേരിക്ക വരെ മെനസസ് തന്നെ പരിശീലകനായി തുടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

Ancelotti Become Brazil Manager At 2024

BrazilCarlo AncelottiReal Madrid
Comments (0)
Add Comment