കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ അപ്രമാദിത്വം കാണിച്ച ടീമാണ് റയൽ മാഡ്രിഡ്. ലയണൽ മെസി ടീം വിട്ടതിന്റെ അഭാവത്തിൽ ബാഴ്‌സലോണ പരുങ്ങിയപ്പോൾ ഏകപക്ഷീയമായി തന്നെയായിരുന്നു റയൽ മാഡ്രിഡിന്റെ കിരീടധാരണം. അതിനു പുറമെ വമ്പൻ ടീമുകളെ തോൽപ്പിച്ച്, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുമായി ചാമ്പ്യൻസ് ലീഗും അവർ നേടുകയുണ്ടായി. പരിശീലകനായി റയൽ മാഡ്രിഡിൽ തിരിച്ചെത്തിയ കാർലോ ആൻസലോട്ടി യുവതാരങ്ങളെയും പരിചയസമ്പന്നരായ മികച്ച താരങ്ങളെയും ഒരുപോലെ സമന്വയിപ്പിച്ച് ഏറ്റവും മികച്ച ടീമിനെ ഒരുക്കുന്നതിൽ വിജയിച്ചതാണ് റയൽ മാഡ്രിഡിന്റെ വിജയത്തിനു പിന്നിലെ കാരണം.
എന്നാൽ ഈ സീസണിൽ റയൽ മാഡ്രിഡിന് കഴിഞ്ഞ സീസണിലേതു പോലെ ആധിപത്യം സ്ഥാപിക്കാൻ കഴിയുമോയെന്നുറപ്പില്ല. നിരവധി താരങ്ങളെ ടീമിന്റെ ഭാഗമാക്കിയ ബാഴ്‌സലോണ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ലോകകപ്പിനായി ക്ലബ് ഫുട്ബോൾ പിരിഞ്ഞ സമയത്ത് റയൽ മാഡ്രിഡിനെ മറികടന്ന് ബാഴ്‌സലോണ ലീഗിൽ ഒന്നാമതായിരുന്നു. സീസണിൽ തിരിച്ചു വരേണ്ടത് റയൽ മാഡ്രിഡിനെ സംബന്ധിച്ച് അനിവാര്യമാണെങ്കിലും അതിനായി ജനുവരിയിൽ പുതിയ സൈനിംഗുകൾ നടത്തില്ലെന്നും നിലവിലുള്ള സ്‌ക്വാഡിൽ വളരെയധികം സംതൃപ്‌തനാണെന്നുമാണ് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി പറയുന്നത്.
“ഞങ്ങൾ ടീമിലുള്ള കളിക്കാരെ വ്യക്തിപരമായി അവലോകനം നടത്തും, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആർക്കൊക്കെയാണ് വിശ്രമം വേണ്ടതെന്നും ആരൊക്കെ കളിക്കുമെന്നും ഞങ്ങൾ തീരുമാനിച്ച് കൃത്യമായി ധാരണയിലെത്തും. സൈനിംഗുകൾ ആണെങ്കിൽ ഞങ്ങൾക്കിനി ഒന്നും ആവശ്യമില്ല. കഴിഞ്ഞ സീസണിലേക്കാൾ മികച്ച ടീമാണ് ഞങ്ങൾ ഇത്തവണത്തേതെന്നാണ് ഞാൻ കരുതുന്നത്.” ലാ ലീഗയിൽ റയൽ വയ്യഡോളിഡുമായി നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കാർലോ ആൻസലോട്ടി പറഞ്ഞു. അതേസമയം ചില താരങ്ങൾ പുറത്തു പോയേക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
Ancelotti: “We don’t need signings in January, our market is closed — then for departures we will see with some players”. ⚪️ #RealMadrid
— Fabrizio Romano (@FabrizioRomano) December 29, 2022
“We signed Endrick, top talent. I saw him last year and we talked a bit, he’ll join in 2024. We are happy and excited at the club”. pic.twitter.com/SQA0QeZNIE
പതിനാല് മത്സരങ്ങളിൽ നിന്നും മുപ്പത്തിയേഴു പോയിന്റുമായി ബാഴ്‌സലോണ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തു നിൽക്കുന്ന റയൽ മാഡ്രിഡിന് രണ്ടു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ ലീഗിൽ തിരിച്ചു വരാൻ അവർക്ക് ഇഷ്‌ടം പോലെ സമയമുണ്ട്. എന്നാൽ ജനുവരിയിൽ പുതിയ സൈനിംഗുകൾ ഉണ്ടാകില്ലെന്ന തീരുമാനം എടുക്കുമ്പോൾ പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കേണ്ടത് റയൽ മാഡ്രിഡിനെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്. അല്ലെങ്കിൽ പ്രധാന താരങ്ങളുടെ പരിക്ക് ടീമിനെ വളരെയധികം ബാധിക്കാനുള്ള സാധ്യതയുണ്ട്.
ancelotti rules out january signings for real madrid