പല തരത്തിലുള്ള ഗോളാഘോഷങ്ങൾ ഫുട്ബോൾ ലോകത്ത് നമ്മൾ കാണാറുണ്ട്. പല ഗോളാഘോഷങ്ങളും വൈറലാവുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ചില ഗോളാഘോഷങ്ങൾ അപൂർവങ്ങളിൽ അപൂർവമാവുകയും ചെയ്യും. അതുപോലെ ഫുട്ബോൾ ലോകത്ത് തന്നെ അത്യപൂർവമായി സംഭവിക്കുന്ന കാര്യത്തിനാണ് ഇന്നലെ അത്ലറ്റികോ മാഡ്രിഡും ഗെറ്റാഫെയും തമ്മിലുള്ള ലാ ലിഗ മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ രണ്ടു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.
മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ച് താൻ നേടിയ ഗോൾ പകരക്കാരുടെ ബെഞ്ചിലിരുന്ന് ആഘോഷിക്കേണ്ടി വന്നത് അത്ലറ്റികോ മാഡ്രിഡിന്റെ അർജന്റീനിയൻ താരം ഏഞ്ചൽ കൊറേയക്കാണ്. ഒരു കോർണറിനു ശേഷം വന്ന ലോങ്ങ് റേഞ്ചർ ഗെറ്റാഫെ ഗോൾകീപ്പർ തടുത്തിട്ടെങ്കിലും പന്ത് ലഭിച്ചത് കൊറേയക്കാണ്. താരം വല കുലുക്കിയെങ്കിലും ലൈൻ റഫറി ഓഫ്‌സൈഡ് വിധിച്ചു. ഇതിനു പിന്നാലെ സിമിയോണി താരത്തെ പിൻവലിക്കുകയും ചെയ്‌തു.
എന്നാൽ പിൻവലിച്ചതിനൊപ്പം തന്നെ വീഡിയോ റഫറിയുടെ പരിശോധന നടക്കുന്നുണ്ടായിരുന്നു. അതവസാനിച്ചപ്പോൾ താരം ഓഫ്‌സൈഡ് ആയിരുന്നില്ലെന്ന് വ്യക്തമാവുകയും റഫറി അത് അനുവദിക്കുകയും ചെയ്‌തു. ഇതോടെ മൈതാനത്തു നിന്നും എല്ലാ താരങ്ങളും ഓടി ബെഞ്ചിലിരിക്കുന്ന ഏഞ്ചൽ കൊറേയയുമായി ഗോൾ നേടിയതിന്റെ സന്തോഷം പങ്കു വെച്ചു. വീഡിയോ റഫറിയിങ് വന്നതിനു ശേഷം ഇതുപോലൊരു സംഭവം ഫുട്ബോൾ ലോകത്ത് തന്നെ ആദ്യമായിട്ടാണ്.
Curiosa secuencia en el Atlético de Madrid – Getafe:
— The Chips (@TheChips_Futbol) February 4, 2023
– Ángel Correa anotó un gol que fue anulado por fuera de juego.
– El argentino fue sustituido.
– Tras una revisión en el VAR, el gol fue validado y el #10 colchonero lo celebra en el banco de suplentes.pic.twitter.com/HrzA3dzkEx
എന്നാൽ ഏഞ്ചൽ കൊറേയയുടെ ഗോളിനും അത്ലറ്റികോ മാഡ്രിഡിന് വിജയം നേടിക്കൊടുത്തില്ല. മത്സരത്തിന്റെ എൺപത്തിമൂന്നാം മിനുട്ടിൽ ഗെറ്റാഫെ സമനില ഗോൾ നേടി. എനസ് ഉനാലാണ് പെനാൽറ്റിയിലൂടെ ഗെറ്റാഫെയുടെ ഗോൾ സ്വന്തമാക്കിയത്. സമനില നേടിയെങ്കിലും ലീഗിൽ നാലാം സ്ഥാനത്ത് തുടരുകയാണ് അത്ലറ്റികോ മാഡ്രിഡ്. ബാഴ്‌സലോണ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡ്, റയൽ സോസിഡാഡ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.