മുംബൈ സിറ്റിയുടെ ഒരു താരം കൂടി ചുവപ്പുകാർഡ് അർഹിച്ചിരുന്നു, നടത്തിയത് ഗുരുതരമായ ഫൗൾ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ ഇന്നലെ നടന്ന മത്സരം സംഭവബഹുലമായാണ് അവസാനിച്ചത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയെങ്കിലും അനാവശ്യമായി വരുത്തിയ രണ്ടു പിഴവുകൾ അവരെ തോൽവിയിലേക്ക് നയിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. ഇതോടെ രണ്ടു മത്സരങ്ങളായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ വിജയക്കുതിപ്പിനും അവസാനമായി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നിരവധി സംഘർഷങ്ങൾ ഉണ്ടായിരുന്നു. മത്സരത്തിന്റെ സമയം വൈകിപ്പിക്കാൻ മുംബൈ സിറ്റിയുടെ താരങ്ങൾ ഓരോരുത്തരായി നിലത്തു വീണ് പരിക്ക് അഭിനയിക്കാൻ തുടങ്ങിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ക്ഷമ കെട്ടു. അതിനോടുള്ള പ്രതികരണം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറി. ഇതേത്തുടർന്ന് നിരവധി മഞ്ഞക്കാർഡുകൾ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. രണ്ടു ചുവപ്പുകാർഡുകളും റഫറി നൽകി.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം മീലൊസ് ഡ്രിങ്കിച്ചിനും മുംബൈ സിറ്റി മിഡ്‌ഫീൽഡർ യോവേൽ വാൻ നീഫിനുമാണ് റഫറി നേരിട്ട് ചുവപ്പുകാർഡ് നൽകിയത്. വാൻ നീഫ് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ ഫൗൾ ചെയ്‌തതിനു ചുവപ്പുകാർഡ് നേടിയപ്പോൾ മീലൊസ് ഡ്രിങ്കിച്ച് മുംബൈ സിറ്റിയുടെ മെഹ്താബിനെ ഇടിച്ചിട്ടതിനാണ് ചുവപ്പുകാർഡ് ലഭിച്ചത്. രണ്ടും ഡയറക്റ്റ് റെഡ് കാർഡ് ആയതിനാൽ ഈ രണ്ടു താരങ്ങൾക്കും വിലക്ക് വരാനുള്ള സാധ്യതയുണ്ട്.

അതേസമയം മുംബൈ സിറ്റിയുടെ മറ്റൊരു താരം കൂടി റെഡ് കാർഡ് അർഹിച്ചിരുന്നുവെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. മുംബൈ സിറ്റി പ്രതിരോധതാരമായ മെഹ്താബിനാണ് റെഡ് കാർഡ് കൊടുക്കേണ്ടിയിരുന്നത്. വാൻ നീഫിന്റെ ഫൗളിന് റഫറി വിസിൽ മുഴക്കിയപ്പോൾ പന്തെടുക്കാൻ വന്ന ബ്ലാസ്റ്റേഴ്‌സ് താരം രാഹുലിനെ മെഹ്താബ് മുട്ടുകൊണ്ടു ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഡ്രിങ്കിച്ച് അതിനു പിന്നാലെയാണ് മെഹ്താബിനെ ഇടിച്ചിട്ടത്.

മത്സരത്തിൽ റഫറിയെടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ റഫറിയിങ് വരേണ്ടത് അത്യാവശ്യമാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മത്സരത്തിന് നിലവാരമുള്ള റഫറിമാരെ വെക്കാൻ കഴിയാത്ത ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ മത്സരത്തിലുണ്ടായ സംഘർഷങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത്‌ റീച്ച് കൂട്ടാൻ ശ്രമിക്കുമ്പോൾ ഇത് സ്വാഭാവികമാണ്.

Another MCFC Player Deserve Red Card Against Kerala Blasters

Indian Super LeagueISLKerala BlastersMumbai City FC
Comments (0)
Add Comment