മാഞ്ചസ്റ്റർ യുണൈറ്റഡും ഷെരീഫും തമ്മിൽ ഇന്നലെ നടന്ന യുവേഫ യൂറോപ്പ ലീഗ് മത്സരത്തിനിടയിൽ അനാവശ്യമായ ഷൊബോട്ടിങ് നടത്തിയ ബ്രസീലിയൻ താരം ആന്റണിക്കെതിരെ രൂക്ഷമായ വിമർശനം. മത്സരത്തിന്റെ ആദ്യപകുതിയിലാണ് തന്റെ ട്രേഡ്‌മാർക്ക് സ്‌കില്ലായ ‘സ്‌പിൻ സ്‌കിൽ’ താരം പുറത്തെടുത്തത്. എന്നാൽ ആ സ്‌കിൽ കൊണ്ട് ഒരുപകാരവും ഉണ്ടായില്ലെന്നു മാത്രമല്ല, അതിനു ശേഷം താരം നൽകിയ പാസ് ഗോൾ കിക്കായി അവസാനിക്കുകയും ചെയ്‌തിരുന്നു. ഇതോടെയാണ് താരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ മാത്രം കളിച്ച ആന്റണി ഭേദപ്പെട്ട പ്രകടനം ടീമിനായി നടത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പിൻവലിച്ച് മാർക്കസ് റാഷ്‌ഫോഡിനെ കളത്തിലിറക്കി. താരത്തിന്റെ ഷൊബോട്ടിങ് അതിനൊരു കാരണമായെന്നു പറഞ്ഞ എറിക് ടെൻ ഹാഗ് അതിനു പുറമെ റൊണാൾഡോയെയും റാഷ്‌ഫോഡിനെയും ഒരുമിച്ചു കളിപ്പിക്കുന്നതിനു വേണ്ടി കൂടിയാണ് ആ തീരുമാനം എടുത്തതെന്നും മത്സരത്തിനു ശേഷം വ്യക്തമാക്കി.
“അതു കൃത്യമായി പ്രവർത്തിക്കുന്നുണ്ടെകിൽ എനിക്കതു കൊണ്ട് യാതൊരു കുഴപ്പവുമില്ല. താരത്തിൽ നിന്നും ഞാൻ കൂടുതൽ പ്രതീക്ഷിക്കുന്നു. പിറകിൽ നിന്നുള്ള റണ്ണുകൾ, ബോക്‌സിലേക്കുള്ള നീക്കങ്ങൾ, കൂടുതൽ പിന്തുടരൽ, കൂടുതൽ മികച്ച ഡ്രിബിളുകൾ എന്നിവയെല്ലാം അതിലുൾപ്പെടുന്നു. പന്ത് നഷ്ടപ്പെടാതെ ആ സ്‌കിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും കുഴപ്പമില്ല. എന്നാൽ അതൊരു സ്‌കിൽ മാത്രമാണെങ്കിൽ ഞാൻ താരത്തെ തിരുത്തും.” ടെൻ ഹാഗ് പറഞ്ഞു.
antony did that spin 🥶 pic.twitter.com/7KtfLvSdbP
— ⚡ (@UTDCJ_) October 27, 2022
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം സ്‌കോൾസ് രൂക്ഷവിമർശനമാണ് ബ്രസീലിയൻ താരത്തിനെതിരെ നടത്തിയത്. ആ സമയത്ത് മുന്നിൽ നിന്നിരുന്ന എതിർ ടീമിലെ താരം താനായിരുന്നെങ്കിൽ എന്തായിരിക്കും ചെയ്യുകയെന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടെന്നും അത് വെറും ഷൊബോട്ടിങ് മാത്രമാണെന്നും സ്‌കോൾസ് പറയുന്നു. സ്‌കോഴ്‌സിന് പുറമെ താരത്തെ വിമർശിച്ച റോബി സാവേജ് അപഹാസ്യമായ കാര്യമാണ് ആന്റണി ചെയ്‌തതെന്നാണ് പറഞ്ഞത്.