പോളണ്ടിനെതിരായ വിജയം, വമ്പൻ പോരാട്ടമൊഴിവാക്കി അർജന്റീന

ഇന്നലെ നടന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിൽ പോളണ്ടിനെതിരെ വിജയം നേടിയതോടെ ഗ്രൂപ്പിലെ ജേതാക്കളായി തന്നെ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ അർജന്റീന ടീമിന് കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ സൗദിയോട് അപ്രതീക്ഷിത പരാജയം വഴങ്ങിയ അർജന്റീന പിന്നീട് നടന്ന രണ്ടു മത്സരങ്ങളിലും ആധികാരികമായ വിജയം നേടിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. അർജന്റീനക്ക് ആറു പോയിന്റുള്ളപ്പോൾ രണ്ടാം സ്ഥാനത്തുള്ള പോളണ്ടിന് നാല് പോയിന്റാണുള്ളത്.

ഗ്രൂപ്പ് ജേതാക്കളായതോടെ പ്രീ ക്വാർട്ടറിൽ അർജന്റീന ഒരു വമ്പൻ പോരാട്ടം ഒഴിവാക്കുകയും ചെയ്‌തു. ഗ്രൂപ്പ് സിയിലുള്ള അർജന്റീനക്ക് ഗ്രൂപ്പ് ഡിയിലുള്ള ടീമുകളാണ് എതിരാളികളായി വരിക. ഗ്രൂപ്പ് ഡിയിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഫ്രാൻസ് ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. അർജന്റീന ഗ്രൂപ്പ് ജേതാക്കളാകാതെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയാൽ കഴിഞ്ഞ തവണത്തെ ലോകകപ്പ് ജേതാക്കളും ഈ ടൂർണമെന്റിലെ മികച്ച ടീമുമായി ഫ്രാൻസിനെ അവർക്ക് നേരിടേണ്ടി വന്നേനെ.

കഴിഞ്ഞ ലോകകപ്പിൽ തന്നെ ഈ അബദ്ധം അർജന്റീനക്ക് സംഭവിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതാകാൻ കഴിയാതിരുന്നതിനെ തുടർന്ന് പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെയാണ് അർജന്റീനക്ക് നേരിടേണ്ടി വന്നത്. ക്രൊയേഷ്യയാണ് ഗ്രൂപ്പ് ജേതാക്കളായത്. ഫ്രാൻസിനോട് തോറ്റ് അർജന്റീന ലോകകപ്പിൽ നിന്നും പുറത്താവുകയും ചെയ്‌തു. ഗ്രൂപ്പ് ജേതാക്കളായ ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിൽ എത്തുകയും ചെയ്‌തു. ഇത്തവണ പക്ഷെ ആ ബുദ്ധിമുട്ടൊഴിവാക്കിയ അർജന്റീനക്ക് ഓസ്‌ട്രേലിയയാണ് എതിരാളികൾ.

ArgentinaAustraliaQatar World Cup
Comments (0)
Add Comment