സൗത്ത് അമേരിക്കയിൽ നിന്നും ഒളിമ്പിക്‌സ് യോഗ്യത നേടാൻ വേണ്ടിയുള്ള പോരാട്ടത്തിന്റെ ഫൈനൽ റൌണ്ട് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് പുലർച്ചെ നടന്ന മത്സരങ്ങളിൽ അർജന്റീന സമനില വഴങ്ങുകയും ബ്രസീൽ വിജയം നേടുകയും ചെയ്‌തതോടെ ഈ രണ്ടു ടീമുകളിൽ ഒരെണ്ണം സൗത്ത് അമേരിക്കയിൽ നിന്നും ഒളിമ്പിക്‌സ് കളിക്കാൻ പോകില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ഇന്ന് നടന്ന മത്സരങ്ങളിൽ അർജന്റീന പരാഗ്വായോടാണ് സമനില വഴങ്ങിയത്. ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ച അർജന്റീന തൊണ്ണൂറ്റിയേഴാം മിനുട്ടിൽ ഫെഡറികോ റെഡോണ്ടോ നേടിയ ഗോളിലാണ് സമനില നേടിയത്. അർജന്റീനയുടെ ആദ്യത്തെ മത്സരത്തിൽ വെനസ്വലയോടും സമനിലയിൽ പിരിയുകയായിരുന്നു. നിലവിൽ രണ്ടു പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് അർജന്റീന.
🚨Brazil will face Argentina in the final match of Olympic qualifiers.
Everything on the line on Sunday. pic.twitter.com/ONLZU4CQGn
— Brasil Football 🇧🇷 (@BrasilEdition) February 9, 2024
അതേസമയം ഗ്രൂപ്പിലെ ആദ്യത്തെ മത്സരത്തിൽ ബ്രസീൽ പരാഗ്വായോട് തോറ്റിരുന്നു. അതിനു ശേഷം ഇന്ന് നടന്ന മത്സരത്തിൽ അവർ വെനസ്വലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി. ഇതോടെ ബ്രസീലിനു മൂന്നു പോയിന്റാണുള്ളത്. അവർ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ രണ്ടു മത്സരങ്ങളിൽ നിന്നും നാല് പോയിന്റുള്ള പാരഗ്വായ് ആണ് ഒന്നാം സ്ഥാനത്തുള്ളത്.
ഇതോടെ ബ്രസീലും അർജന്റീനയും തമ്മിൽ നടക്കാനിരിക്കുന്ന അവസാന മത്സരം വളരെ നിർണായകമായി. ഇതിൽ വിജയം നേടുന്ന ടീം ഒളിമ്പിക്‌സിന് യോഗ്യത നേടും. രണ്ടു ടീമുകൾക്കും വിജയം അനിവാര്യമാണ്. വിജയം നേടിയില്ലെങ്കിൽ മറ്റു ടീമുകൾക്ക് മുന്നേറാനുള്ള അവസരമുണ്ടാകും. എന്തായാലും ബ്രസീലോ അർജന്റീനയോ ഇത്തവണ ഒളിമ്പിക്‌സിന് ഉണ്ടാകില്ലെന്നുറപ്പായി.
എല്ലാ ടീമുകൾക്കും മുന്നേറാനുള്ള അവസരമുണ്ടെന്നത് ലാസ്റ്റ് റൌണ്ട് പോരാട്ടങ്ങളെ ആവേശകരമാക്കുന്നു. ബ്രസീലും അർജന്റീനയും തമ്മിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീം ടൂർണമെന്റിന് യോഗ്യത നേടും. അതുപോലെ പാരഗ്വായും വെനസ്വലയും തമ്മിൽ നടക്കുന്ന മത്സരത്തിൽ പാരഗ്വായ് വിജയിച്ചാൽ ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടും. വെനസ്വലയാണ് വിജയിക്കുന്നതെങ്കിൽ മറ്റു മത്സരത്തിന്റെ ഫലവും ഗോൾ വ്യത്യാസവുമെല്ലാം നിർണായകമാകും.
Argentina Brazil Battle For Olympics Qualification