മെസിക്കൊപ്പം മറ്റൊരു കിരീടം കൂടി നേടാൻ എമിലിയാനോയുമുണ്ട്, ഒളിമ്പിക്‌സിനുള്ള താരങ്ങളെ തീരുമാനിച്ച് മഷെറാനോ | Argentina

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സാധ്യമായ മൂന്നു പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ അർജന്റീനക്ക് ഏതാനും മാസങ്ങൾക്കകം രണ്ടു കിരീടങ്ങൾ കൂടി നേടാനുള്ള അവസരമുണ്ട്. ജൂണിൽ ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്കയും അതിനു ശേഷം ജൂലൈയിൽ ആരംഭിക്കാനിരിക്കുന്ന ഒളിമ്പിക്‌സ് ടൂർണമെന്റുമാണ് ഈ വർഷം അർജന്റീനക്ക് സ്വന്തമാക്കാൻ കഴിയുന്ന കിരീടനേട്ടങ്ങൾ.

ഒളിമ്പിക്‌സ് സ്‌ക്വാഡിൽ അണ്ടർ 23 താരങ്ങളാണ് ഉണ്ടാവുകയെങ്കിലും അതിനേക്കാൾ പ്രായം കൂടുതലുള്ള മൂന്നു താരങ്ങളെ പങ്കെടുപ്പിക്കാമെന്ന നിയമമുണ്ട്. അർജന്റീന നിരയിൽ ആരാണ് ഒളിമ്പിക്‌സ് ടീമിലേക്കുള്ള പ്രായം കൂടിയ താരങ്ങളെന്ന ചർച്ച കുറച്ചു കാലമായി സജീവമാണ്. ഇപ്പോൾ പരിശീലകൻ മഷെറാനോ അത് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഗാസ്റ്റൻ എഡുൽ പുറത്തു വിടുന്നത് പ്രകാരം ലയണൽ മെസി, എമിലിയാനോ മാർട്ടിനസ്, നിക്കോളാസ് ഓട്ടമെൻഡി എന്നീ താരങ്ങളെയാണ് ഹാവിയർ മഷെറാനോ ഒളിമ്പിക്‌സ് ടീമിലേക്ക് പരിഗണിക്കുന്നത്. ഇതിൽ എമിലിയാനോ മാർട്ടിനസ്, നിക്കോളാസ് ഓട്ടമെൻഡി എന്നിവർ അർജന്റീനക്കൊപ്പം ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള താൽപര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ലയണൽ മെസിയെ മഷെറാനോ ക്ഷണിച്ചിട്ടുണ്ടെങ്കിലും താരം ഇത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ല. ലയണൽ മെസി കളിക്കുമെന്ന സൂചനകൾ ഉണ്ടെങ്കിലും ഏതെങ്കിലും കാരണവശാൽ താരത്തിന്റെ സേവനം ലഭ്യമായില്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അൽവാരസ്, ഇന്റർ മിലാന്റെ ലൗടാരോ മാർട്ടിനസ് എന്നിവരിലൊരാളെ പകരക്കാരനായി ഉൾപ്പെടുത്തും.

ഫിഫയുടെ കീഴിൽ വരുന്ന ടൂർണമെന്റ് അല്ലാത്തതിനാൽ തന്നെ ക്ലബുകളുടെ സമ്മതം വാങ്ങിയാൽ മാത്രമേ താരങ്ങൾക്ക് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിയൂ. ലയണൽ മെസിയെ സംബന്ധിച്ച് സീസണിലെ പ്രധാന സമയമാണ് എന്നതിനാൽ തന്നെ ക്ലബിന്റെ സമ്മതം ലഭിക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. എന്നാൽ മെസിക്ക് ആഗ്രഹമുണ്ടെങ്കിൽ താരം ഒളിമ്പിക്‌സിനെത്തുമെന്നതിൽ യാതൊരു സംശയവുമില്ല.

Argentina Decide Overage Players For Olympics

2024 OlympicsArgentinaEmiliano MartinezLionel Messi
Comments (0)
Add Comment