ഖത്തർ ലോകകപ്പ് ഫൈനലിന് പന്തുരുളാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ അർജന്റീനയുടെ ഫ്രാൻസിന്റെയും ആദ്യ ഇലവൻ തീരുമാനിച്ചു. ഫ്രാൻസ് ഈ ടൂർണ്ണമെന്റിലുടനീളം കളിച്ച ഫോർമേഷനായ 4-2-3-1 എന്ന ശൈലിയിൽ ഇറങ്ങുമ്പോൾ അർജന്റീന 4-4-2 എന്ന ശൈലിയിലാണ് കളിക്കുക. രണ്ടു വമ്പൻ ടീമുകൾ തമ്മിലുള്ള മത്സരം എന്നതിലുപരി തന്ത്രജ്ഞരായ രണ്ടു പരിശീലകർ തമ്മിലുള്ള പോരാട്ടമെന്നതു കൂടിയാണ്ഫൈനലിനെ ആവേശകരമാക്കുന്നത്.
ഫ്രാൻസ് ടീമിൽ ജിറൂദ്, വരാനെ തുടങ്ങിയ താരങ്ങൾ ഫൈനൽ കളിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അവരും ഉൾപ്പെട്ട ഇലവനാണ് ദെഷാംപ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. സെമി ഫൈനൽ കളിക്കാതിരുന്ന ഉപമേകാനോ, റാബിയറ്റ് തുടങ്ങിയ താരങ്ങളും ഉൾപ്പെട്ട ഏറ്റവും മികച്ച ഇലവനെയാണ് ഫ്രാൻസ് ഇറക്കിയിരിക്കുന്നത്.
അതേസമയം സെമി ഫൈനൽ കളിച്ച അർജന്റീന ടീമിൽ നിന്നും ഒരു മാറ്റം ഇന്നത്തെ ടീമിൽ ലയണൽ സ്കലോണി വരുത്തിയിട്ടുണ്ട്. മധ്യനിരയിൽ ലിയാൻഡ്രോ പാരഡീസിനു പകരം ഏഞ്ചൽ ഡി മരിയ കളിക്കും. കഴിഞ്ഞ മത്സരത്തിൽ കളിച്ച അക്യൂന ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നെങ്കിലും അവസാന നിമിഷത്തിൽ ടാഗ്ലൈയാഫികോയെ കളിപ്പിക്കാൻ പരിശീലകൻ സ്കലോണി തീരുമാനിച്ചു. ഇതിന്റെ കാരണം വ്യക്തമല്ല.
ഫ്രാൻസ് ആദ്യ ഇലവൻ: ഹ്യുഗോ ലോറിസ് (ഗോൾകീപ്പർ); യൂൾസ് കൂണ്ടെ, റാഫേൽ വരാനെ, ഡയോത് ഉപമേകാനോ, തിയോ ഹെർണാണ്ടസ് (പ്രതിരോധം); ഒറേലിയൻ ഷുവാമെനി, അഡ്രിയാൻ റാബിയറ്റ്, അന്റോയിൻ ഗ്രീസ്മൻ (മധ്യനിര); ഒസ്മാനെ ഡെംബലെ, ഒലിവർ ജിറൂദ്, കിലിയൻ എംബാപ്പെ (മുന്നേറ്റനിര)
അർജന്റീന ആദ്യ ഇലവൻ: എമിലിയാനോ മാർട്ടിനസ് (ഗോൾകീപ്പർ); നാഹ്വൽ മോളിന, ക്രിസ്റ്റ്യൻ റൊമേരോ, നിക്കോളാസ് ഓട്ടമെൻഡി, നിക്കോളാസ് ടാഗ്ലൈയാഫിക്കോ (പ്രതിരോധം); എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, അലക്സിസ് മാക് അലിസ്റ്റർ (മധ്യനിര); ലയണൽ മെസി, ജൂലിയൻ അൽവാരസ്, ഏഞ്ചൽ ഡി മരിയ (മുന്നേറ്റനിര)