ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതിനു പിന്നാലെ അർജന്റീന താരങ്ങൾക്കു വേണ്ടി നിരവധി ക്ലബുകൾ രംഗത്തു വന്നിരുന്നു. ടീമിലെ മധ്യനിര താരങ്ങളായ എൻസോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ, ടൂർണമെന്റിൽ ഹീറോയായി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് എന്നിവരുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങൾ പ്രധാനമായും ഉയർന്നിരുന്നത്. എന്നാൽ ജനുവരി ട്രാൻസ്ഫർ ജാലകം ആരംഭിച്ച് ഇത്രയും ദിവസമായിട്ടും ഇവരിൽ ആരുടേയും ട്രാൻസ്ഫർ നടന്നിട്ടില്ല. എൻസോ ചെൽസിയിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിലാണെന്ന റിപ്പോർട്ടുകൾ മാത്രം ഇപ്പോൾ സജീവമാണ്.
അതിനിടയിൽ ഇവരേക്കാൾ മുൻപേ തന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് ടീമിലെ സബ്സ്റ്റിറ്റ്യൂട്ട് ഗോൾകീപ്പർമാരിൽ ഒരാളായിരുന്ന ജെറോണിമോ റുള്ളി. ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളിക്കാനിറങ്ങാത്ത താരം സ്പാനിഷ് ക്ലബായ വിയ്യാറയലിനു വേണ്ടിയാണ് കളിച്ചിരുന്നത്. എന്നാൽ അടുത്ത ദിവസം തന്നെ ക്ലബ് വിടുന്ന താരം ഡച്ച് ക്ലബായ അയാക്സിലേക്ക് ചേക്കേറും. വിയ്യാറയലിലെ തന്റെ സഹതാരങ്ങളോടും സുഹൃത്തുക്കളോടും സ്റ്റാഫുകളോടും യാത്ര പറഞ്ഞ താരം സ്പെയിൻ വിടുകയാണെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുമ്പോൾ സ്ഥിരീകരിക്കുകയും ചെയ്തു.
വളരെ പെട്ടന്നുള്ള ചർച്ചകളുടെ ഭാഗമായാണ് വിയ്യാറയൽ വിടാനുള്ള തീരുമാനം ഉണ്ടായതെന്നാണ് റുള്ളി പറയുന്നത്. ക്ലബ് തനിക്ക് നൽകിയ പിന്തുണയ്ക്ക് താരം നന്ദി പറഞ്ഞു. പത്തു മില്യൺ യൂറോയാണ് മുപ്പതു വയസുകാരനായ താരത്തിനായി അയാക്സ് മുടക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ലോകകപ്പ് നേടിയ അർജന്റീന ടീമിലുണ്ടായിരുന്ന രണ്ടു വിയ്യാറയൽ താരങ്ങളിൽ ഒരാൾ ക്ലബ് വിട്ടു. പ്രതിരോധതാരമായ യുവാൻ ഫോയ്ത്ത് ആണ് വിയ്യാറയൽ ടീമിലുള്ള മറ്റൊരു അർജന്റീന താരം. റുള്ളി ടീം വിട്ടതോടെ വെറ്ററൻ താരമായ പെപ്പെ റെയ്ന ആയിരിക്കും സെറ്റിയൻ പരിശീലകനായ വിയ്യാറയൽ ടീമിന്റെ ഗോൾകീപ്പർ.
🔴⚪ DONE DEAL. World champion Geronimo Rulli is set to join Ajax Amsterdam from Spanish side Villarreal for €10M + 5M as bonuses.🇦🇷
— Ali Eldhaw Ali (@AliEldhaw) January 5, 2023
Personal terms already agreed for a 4-years contract.🤝🏼 pic.twitter.com/FeOHJZpcrV
എസ്റ്റുഡിയാന്റസ്, റയൽ സോസിഡാഡ്, മോണ്ട്പെല്ലിയർ എന്നീ ക്ലബുകൾക്കു വേണ്ടി കളിച്ചിട്ടുള്ള റുള്ളി 2020ലാണ് വിയ്യാറയലിലേക്ക് ചേക്കേറുന്നത്. വിയ്യാറയലിൽ സമ്മിശ്രമായ കാലഘട്ടമായിരുന്നു താരത്തിന്റേത്. എന്നാൽ ക്ലബിന് ആദ്യത്തെ പ്രധാന കിരീടം സ്വന്തമാക്കി നൽകിയതിന്റെ പേരിൽ എക്കാലവും റുള്ളി ഓർമ്മിക്കപ്പെടും. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന യൂറോപ്പ ലീഗ് ഫൈനലിൽ പെനാൽറ്റി തടുത്തിട്ടത് താരമായിരുന്നു. അതിനു ശേഷം അർജന്റീന ടീമിനൊപ്പം ലോകകപ്പ് നേട്ടത്തിലും റുള്ളി പങ്കാളിയായി.