ദേശീയ ടീമിനു വേണ്ടി കിരീടങ്ങളൊന്നും നേടിയിട്ടില്ലെന്ന വിമർശനം കരിയറിന്റെ ഭൂരിഭാഗം സമയത്തും ഏറ്റുവാങ്ങിയിട്ടുള്ള ലയണൽ മെസി കഴിഞ്ഞ കോപ്പ അമേരിക്ക കിരീടവും അതിനു ശേഷം ഇറ്റലിക്കെതിരെ നടന്ന ഫൈനലൈസിമ ട്രോഫിയും നേടി അതിനെ തിരുത്തിക്കുറിക്കുകയുണ്ടായി. എന്നാൽ ആ വിമർശനങ്ങൾ നടത്തിയവർ സൗകര്യപൂർവം വിസ്മരിക്കുന്ന ഒന്നാണ് ലയണൽ മെസി ആ സമയത്ത് മൂന്നു കോപ്പ അമേരിക്ക ഫൈനലിലും ഒരു ലോകകപ്പ് ഫൈനലിലും ഫൈനലെത്തിയ അർജന്റീന ടീമിന്റെ ഭാഗമായിരുന്നുവെന്ന്. അതിൽ അർജന്റീന, മെസി ആരാധകർക്ക് ഏറ്റവും വേദന നൽകിയിട്ടുണ്ടാവുക കയ്യെത്തും ദൂരത്തു വെച്ച് മെസിക്ക് നഷ്ടമായ 2014ലെ ലോകകപ്പ് കിരീടമായിരിക്കും.
ലയണൽ മെസി കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന സമയങ്ങളൊന്നിൽ നടന്ന ലോകകപ്പായതിനാൽ തന്നെ 2014 ലോകകപ്പിൽ അർജന്റീനറെ സംബന്ധിച്ച് പ്രതീക്ഷകൾ ഉണ്ടായിരുന്നു. പ്രതീക്ഷകളെ ന്യായീകരിക്കുന്ന പ്രകടനം തുടക്കം മുതൽ കാഴ്ച വെക്കാൻ കഴിഞ്ഞില്ലെങ്കിലും അലസാന്ദ്രോ സബെല്ലയെന്ന തന്ത്രജ്ഞന്റെ കീഴിൽ പ്രായോഗികമായ രീതിയിൽ കളിച്ചാണ് അർജന്റീന ഫൈനലിൽ വരെ എത്തിയത്. അതുവരെ പതിഞ്ഞ താളത്തിൽ ആക്രമണഫുട്ബോൾ കളിക്കുന്നതിനു പേരുകേട്ട അർജന്റീന പ്രതിരോധഫുട്ബോളിലേക്ക് കൂടുതൽ വലിയുന്നത് പല മത്സരങ്ങളിലും കാണുകയുണ്ടായി.
ബോസ്നിയക്കെതിരെയായിരുന്നു അർജന്റീനയുടെ ആദ്യത്തെ മത്സരം സീഡ് കോലാസിനിച്ചോവിന്റെ സെല്ഫ് ഗോളും മെസിയുടെ ഗോളും അർജന്റീനയെ മുന്നിലെത്തിച്ചപ്പോൾ ഇബിസെവിച്ച് നേടിയ ഗോൾ പാഴായിപ്പോയി. മത്സരം വിജയിച്ച അർജന്റീന പിന്നീടിറങ്ങിയത് ഇറാനെതിരെയാണ്. ഇറാന്റെ പ്രതിരോധപ്പൂട്ടിനെ തൊണ്ണൂറ്റിയൊന്നാം മിനുട്ടിൽ ലയണൽ മെസി തകർത്ത് ഗോൾ നേടി തുടർച്ചയായ രണ്ടാം വിജയം ടൂർണമെന്റിൽ നേടി. അതിനു ശേഷമുള്ള മത്സരത്തിൽ നൈജീരിയ വിറപ്പിച്ചെങ്കിലും മെസിയുടെ ഇരട്ടഗോളും റോഹോയുടെ ഗോളും അഹ്മദ് മൂസ നേടിയ ഇരട്ടഗോളുകൾക്ക് മറുപടി നൽകിയപ്പോൾ അർജന്റീന ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിലെത്തി.
Lionel Messi last minute winner for Argentina vs. Iran from the 2014 World Cup. What a goal 🤯 pic.twitter.com/yZEbXGo419
— Iconic World Cup Moments (@WorldCupIconic) September 21, 2022
സ്വിറ്റ്സർലണ്ടിനെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരം എക്ട്രാ ടൈം വരെ നീണ്ട ഒന്നായിരുന്നു. ഒടുവിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തുമെന്ന ഘട്ടത്തിൽ ഏഞ്ചൽ ഡി മരിയ 118ആം മിനുട്ടിൽ അർജന്റീനയുടെ വിജയഗോൾ നേടി. അതിനു ശേഷം ബെൽജിയത്തിനെതിരെ നടന്ന മത്സരമാണ് ആ ടൂർണമെന്റിൽ എക്സ്ട്രാ ടൈം വരെ നീളാതിരുന്ന അർജന്റീനയുടെ ഒരേയൊരു നോക്ക്ഔട്ട് മത്സരം. എട്ടാം മിനുട്ടിൽ ഗോൺസാലോ ഹിഗ്വയ്ൻ നേടിയ ഗോളിലാണ് ആ മത്സരത്തിൽ അർജന്റീന വിജയം നേടിയത്. അതിനു ശേഷം നടന്ന സെമി ഫൈനലിൽ രണ്ടു പെനാൽറ്റി കിക്കുകൾ തടഞ്ഞിട്ട് സെർജിയോ റോമെറോ ഹീറോയായപ്പോൾ ഹോളണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്റീന ഫൈനലിൽ ഇടം പിടിക്കുന്നത്.
മെസി കരിയറിൽ ആദ്യമായി ഒരു ലോകകപ്പിന്റെ ഫൈനലിൽ എത്തിയതിന്റെ സന്തോഷത്തിനൊപ്പവും ഫൈനലിലെ എതിരാളികൾ ജർമനിയാണെന്നത് അർജന്റീന ആരാധകർക്ക് ആശങ്കയായിരുന്നു. ബ്രസീലിൽ വെച്ചു നടന്ന 2014 ലോകകപ്പിന്റെ സെമി ഫൈനലിൽ കാനറിപ്പടയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്താണ് ജർമനി ഫൈനലിൽ ഇടം നേടിയിരുന്നത്. അതുകൊണ്ടു തന്നെ അർജന്റീന കടുത്ത പോരാട്ടം ഫൈനലിൽ കാഴ്ച വെക്കേണ്ടി വരുമെന്ന് ഏവർക്കും അറിയാമായിരുന്നു. എന്നാൽ ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ മെസിയിലും അർജന്റീന ടീമിലെ ഓരോ താരങ്ങളിലും ആരാധകർ പൂർണമായും വിശ്വാസമർപ്പിച്ച് ഫൈനലിനായി കാത്തിരുന്നു.
On this day in 2014, Sergio Romero became a hero as he saved two penalty kicks vs. the Netherlands and Argentina qualified for the final of the World Cup!pic.twitter.com/FNGSOQVqbr
— Roy Nemer (@RoyNemer) July 9, 2022
ടൂർണമെന്റിലെ ഏറ്റവും പ്രബലമായ ടീമായ ജർമനിയായിരുന്നു എതിരാളിയെങ്കിലും അവരെ തടുക്കുന്നതിൽ അർജന്റീന വിജയിച്ചിരുന്നു. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ലഭിക്കുന്ന അർധാവസരങ്ങൾ പോലും ഗോളിലേക്ക് എത്തിക്കണമെന്ന പാഠം ടീം മറന്നു പോയി. ഹിഗ്വയ്ൻ നഷ്ടപെടുത്തിയതടക്കം അന്ന് അർജന്റീനക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയുമായിരുന്നെങ്കിൽ ആ കളിയുടെ വിധി മറ്റൊന്നായിരുന്നു. എന്നാൽ അനിവാര്യമായ വിധിക്കു കീഴടങ്ങുക മാത്രമേ എക്സ്ട്രാ ടൈം വരെ നീണ്ട ആ മത്സരത്തിൽ അർജന്റീനക്ക് കഴിഞ്ഞുള്ളൂ.
മാരക്കാന സ്റ്റേഡിയത്തിൽ വെച്ചു നടന്ന ഫൈനൽ മറ്റൊരു ഷൂട്ടൗട്ടിലേക്ക് നീളുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. പകരക്കാരനായി കളത്തിലിറങ്ങിയ ജർമനി മുന്നേറ്റനിര താരം മരിയോ ഗോട്സെ അതുവരെ പിടിച്ചു നിന്ന അർജന്റീന പ്രതിരോധത്തെ ഭേദിച്ച് മത്സരത്തിലെ ഒരേയൊരു ഗോൾ കുറിച്ചു. പതറിയ അർജന്റീന പൊരുതിയെങ്കിലും അതിനു മറുപടി നൽകാൻ അവർക്ക് കഴിഞ്ഞില്ല. മത്സരം തീർന്നുവെന്നറിയിച്ച് റഫറി ലോങ്ങ് വിസിൽ മുഴക്കുന്ന സമയത്ത് വലിയൊരു സ്വപ്നം നിർഭാഗ്യം കൊണ്ടു കയ്യെത്തും ദൂരത്തു വെച്ച് നഷ്ടമാകുന്നതു കണ്ടിരുന്നു കരയാനേ അർജന്റീന ആരാധകർക്കും ടീമിലെ താരങ്ങൾക്കും കഴിയുമായിരുന്നുള്ളൂ.
Lionel Messi before 2021:
— Honest Barca Dog (@Honest_Barca_) September 20, 2022
Lost Copa America Final 2007
Lost FIFA World Cup Final 2014
Lost Copa America Final 2015
Lost Copa America Final 2016
True Monster Mentality to comeback and win Copa America 2021 from Lionel Messi. pic.twitter.com/VHour4o3P4
ആ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസി സ്വന്തമാക്കിയെങ്കിലും കിരീടം നഷ്ടമായതിന്റെ വേദനക്ക് അതൊന്നും പകരമാവില്ലായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഗോൾഡൻ ബോളുമായി നിൽക്കുന്ന മെസിയുടെ ചിത്രം ആരാധകർക്ക് എന്നും ഒരു വേദനയാണ്. എന്നാൽ 2022 ലോകകപ്പിനായി തയ്യാറെടുക്കുമ്പോൾ അന്നത്തേതിൽ നിന്നും വ്യത്യസ്തമായി മെസിക്കൊപ്പം തോളോടു തോൾ ചേർന്നു നിന്നു പൊരുതാൻ കഴിയുന്ന ഒരു ടീം കൂടെയുണ്ടെന്നത് അർജന്റീനയുടെ ആരാധകർക്ക് ആവേശമാണ്. 2021 കോപ്പ അമേരിക്കയും 2022 ഫൈനലിസമയും സ്വന്തമാക്കിയ അർജന്റീനക്ക് ആ കുതിപ്പ് 2022 ലോകകപ്പിൽ മുത്തമിട്ടു തുടരാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.