ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അർജൻറീന ടീമിന് കൂടുതൽ തിരിച്ചടി നൽകി മധ്യനിര താരം ജിയോവാനി ലൊ സെൽസോക്ക് ടൂർണമെന്റ് നഷ്ടമാകുമെന്നു സൂചനകൾ. അത്ലറ്റിക് ബിൽബാവോയും വിയ്യാറയലും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റു പുറത്തായ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുട്ടിൽ തന്നെ പരിക്കു പറ്റിയ ലൊ സെൽസോ മത്സരത്തിൽ നിന്നും പിൻവലിക്കപ്പെട്ടിരുന്നു. കാലിന്റെ മസിലിനാണ് താരത്തിനു പരിക്കു പറ്റിയതെന്നാണ് അർജൻറീനിയൻ മാധ്യമമായ ടൈക് സ്പോർട്സിന്റെ ജേർണലിസ്റ്റായ ഗാസ്റ്റൺ എഡുൽ റിപ്പോർട്ടു ചെയ്യുന്നത്. ലൊ സെൽസോക്കു ശസ്ത്രക്രിയ വേണ്ടി വരുമെന്നു റിപ്പോർട്ട് ചെയ്തതും ഗാസ്റ്റൺ എഡുൽ തന്നെയാണ്.
ഏതാനും പരിശോധനകൾ കൂടി പൂർത്തിയാക്കി കഴിഞ്ഞാലേ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമോയെന്ന കാര്യത്തിൽ അവസാന തീരുമാനം ഉണ്ടാവുകയുള്ളൂ. ശസ്ത്രക്രിയ വേണ്ടി വന്നാൽ എട്ടാഴ്ചയോളം ജിയോവാനി ലൊ സെൽസോക്ക് വിശ്രമം വേണ്ടി വരും. അങ്ങിനെയാണെങ്കിൽ ലോകകപ്പിൽ ഒരു മത്സരം പോലും താരത്തിന് കളിക്കാൻ കഴിയില്ല.
🚨 @gastonedul: "Gio Lo Celso will very probably lose (not be at) the World Cup." 🇦🇷 pic.twitter.com/OJpvIIl7Lt
— Roy Nemer (@RoyNemer) November 1, 2022
ലയണൽ സ്കലോണിയുടെ അർജൻറീന ടീമിന്റെ മധ്യനിരയിൽ കുറച്ചു കാലമായി പരഡസ്, ലൊ സെൽസോ, ഡി പോൾ എന്നീ താരങ്ങളാണ് കളിക്കുന്നത്. അതു കൊണ്ടു തന്നെ താരത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്. ലൊ സെൽസോക്ക് പകരക്കാരാവാൻ കഴിയുന്ന താരങ്ങൾ ടീമിലുള്ളത് മാത്രമാണ് അർജന്റീനക്ക് ആശ്വാസം.