ലോകകപ്പ് വിജയമാഘോഷിക്കാൻ വമ്പൻ ടീമുകൾക്കെതിരെ മത്സരമില്ല, അർജന്റീനയുടെ എതിരാളികൾ ധാരണയാകുന്നു

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ വിജയമാണ് അർജന്റീന ഫുട്ബോൾ ടീം സ്വന്തമാക്കിയത്. ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങി തുടങ്ങിയ അർജന്റീന അതിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലും ഗംഭീരജയം സ്വന്തമാക്കിയാണ് കിരീടമുയർത്തിയത്. ക്വാർട്ടർ ഫൈനലിലും ഫൈനലിലും ഷൂട്ടൗട്ട് വരെ നീണ്ടു പോയ വെല്ലുവിളിയെ അർജന്റീനക്ക് നേരിടേണ്ടി വന്നിരുന്നെങ്കിലും അതിലൊന്നും ടീം യാതൊരു തരത്തിലും പതറിയില്ല.

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയത് മുപ്പത്തിയാറു വർഷത്തിന് ശേഷമുള്ള ടീമിന്റെ ആദ്യത്തെ ലോകകപ്പായിരുന്നു. അതിന്റെ ആഘോഷം അർജന്റീനയിൽ വളരെയധികം വിപുലമായ രീതിയിൽ തന്നെ നടന്നെങ്കിലും അതിനു ശേഷം ഇതുവരെയും സ്വന്തം നാട്ടിൽ അർജന്റീന ഒരു മത്സരം പോലും കളിച്ചിട്ടില്ല. ലോകകപ്പിന് ശേഷമുള്ള അർജന്റീനയുടെ അടുത്ത മത്സരങ്ങൾ മാർച്ച് മാസത്തിലാണ് നടക്കാൻ പോകുന്നത്.

ലോകകപ്പിന് ശേഷമുള്ള മത്സരങ്ങളിൽ കയ്‌പ്പേറുന്ന ഒരു അനുഭവവും ഉണ്ടാകരുതെന്നാണ് അർജന്റീന ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ വളരെ താഴ്ന്ന സ്ഥാനങ്ങളിൽ നിൽക്കുന്ന ഏതെങ്കിലും ടീമുമായി മത്സരങ്ങൾ കളിച്ച് വിജയം സ്വന്തമാക്കി ലോകകപ്പ് നേട്ടം ആഘോഷിക്കാനാണ് അർജന്റീന ഒരുങ്ങുന്നത്. ടിഎൻടി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം പനാമക്കെതിരെയാണ് അർജന്റീന മത്സരം കളിക്കുക.

മാർച്ച് 21നും 28നുമാണ് അർജന്റീന പനാമക്കെതിരെ മത്സരം കളിക്കുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകകപ്പിന് ശേഷം സ്വന്തം രാജ്യത്ത് നടക്കുന്ന മത്സരങ്ങളിൽ വിജയം കൈവിടുന്നത് ആരാധകരുടെ ആഘോഷങ്ങളെ ബാധിക്കുമെങ്കിലും അർജന്റീന ചെറിയ ടീമിനെതിരെ മത്സരിക്കുന്നത് ആരാധകർക്ക് താൽപര്യമുണ്ടാകുന്ന കാര്യമല്ല. യൂറോപ്പിലെയോ ലാറ്റിനമേരിക്കയിലെയോ ഏതെങ്കിലും ഭേദപ്പെട്ട ടീമുമായി അർജന്റീന കളിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.

ArgentinaInternational FriendliesPanama
Comments (0)
Add Comment