സൗത്ത് അമേരിക്കൻ അണ്ടർ 20 ടൂർണമെന്റിൽ തിരിച്ചടികൾ ഏറ്റുവാങ്ങി നിരാശ നിറഞ്ഞ പ്രകടനം നടത്തിയ അർജന്റീന ടീം ലോകകപ്പിൽ മികച്ച പ്രകടനം തുടരുന്നു. ആദ്യത്തെ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടിയ ടീം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗ്വാട്ടിമാലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കീഴടക്കിയത്. ഇതോടെ ഗ്രൂപ്പിൽ ഒരു മത്സരം ബാക്കി നിൽക്കെ അർജന്റീന നോക്ക്ഔട്ട് ഉറപ്പിച്ചിട്ടുണ്ട്.
അർജന്റീനയുടെ ആധിപത്യത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും ഗ്വാട്ടിമാല ഇടക്കെല്ലാം അപകടങ്ങൾ സൃഷ്ടിച്ചിരുന്നു. രണ്ടു ടീമുകളും ആക്രമണങ്ങൾ നടത്തി മുന്നേറുന്നതിനിടെ പതിനേഴാം മിനുട്ടിലാണ് അർജന്റീന ആദ്യത്തെ ഗോൾ നേടുന്നത്. യുവാൻ ഗൗട്ടോയുടെ അസിസ്റ്റിൽ റൊസാരിയോ സെൻട്രൽ താരമായ അലെഹോ വേലിസാണ് അർജന്റീനയുടെ ആദ്യത്തെ ഗോൾ നേടുന്നത്. അതിനു ശേഷം ആദ്യ പകുതിയിൽ പിന്നീട് ഗോളൊന്നും പിറന്നില്ല.
✅ FT: Argentina U20 3-0 Guatemala U20
— All About Argentina 🛎🇦🇷 (@AlbicelesteTalk) May 23, 2023
Javier Mascherano’s side officially qualifies to the knockout stage. 2 wins in 2 games so far 🇦🇷
VAMOS LOS PIBES. pic.twitter.com/P4oKdPWyTX
രണ്ടാം പകുതിയുടെ അൻപത്തിയേഴാം മിനുട്ടിൽ ഗ്വാട്ടിമാല താരമായ സാന്റോസ് വർഗാസ് ചുവപ്പുകാർഡ് നേടി പുറത്തു പോയതോടെ മത്സരം പൂർണമായും അർജന്റീനയുടെ കൈകളിലായി. അതിനു പിന്നാലെ പകരക്കാരനായി ഇറങ്ങിയ ലാസിയോ താരം ലൂക്ക റൊമേറോയാണ് അർജന്റീനയുടെ രണ്ടാമത്തെ ഗോൾ നേടുന്നത്. മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ മാക്സി പെറോണായിരുന്നു അസിസ്റ്റ്. ഇഞ്ചുറി ടൈമിൽ പെറോൺ ഗോളും നേടി ടീമിന്റെ വിജയം മികച്ചതാക്കി.
മത്സരത്തിന്റെ എൺപത്തിരണ്ടാം മിനുട്ടിൽ അർജന്റീന താരം അഗസ്റ്റിൻ അവിലേസും ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയിരുന്നു. രണ്ടു മത്സരങ്ങളിൽ രണ്ടു വിജയം നേടിയ മഷറാനോയുടെ ടീമാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ടൂർണമെന്റിന്റെ ആതിഥേയത്വ അവകാശം അവസാനനിമിഷത്തിൽ ലഭിച്ചതു കൊണ്ടാണ് അർജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. ഇപ്പോൾ മികച്ച പ്രകടനം നടത്തി ടൂർണമെന്റിൽ പ്രതീക്ഷ വർധിപ്പിക്കാൻ അവർക്കായി.
Argentina U20 Qualifies Knockout Stage Of World Cup