സൗത്ത് അമേരിക്കൻ യോഗ്യത ഗ്രൂപ്പിൽ ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന ലോകകപ്പിനു യോഗ്യത നേടിയതെങ്കിലും കിരീടവുമായാണ് അവർ തിരിച്ചെത്തിയത്. സൗദി അറേബ്യയുമായുള്ള ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അവർ അതിനു ശേഷം നടന്ന മത്സരങ്ങളിലെല്ലാം ആധികാരികമായി തന്നെ വിജയിച്ചാണ് കിരീടം സ്വന്തമാക്കിയത്. ഇപ്പോൾ ലോകകപ്പിനു ശേഷം ആദ്യത്തെ കോംപിറ്റിഷൻ മത്സരത്തിനായി ഇറങ്ങാനൊരുങ്ങുകയാണ് അർജന്റീന.
2026 ലോകകപ്പിന്റെ സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടിലെ മത്സരത്തിനാണ് അർജന്റീന ഇറങ്ങുന്നത്. എതിരാളികൾ സൗത്ത് അമേരിക്കയിലെ കരുത്തരായ ടീമായ ഇക്വഡോറാണ്. നിരവധി പ്രതിഭകൾ അണിനിരന്ന ടീമായ ഇക്വഡോർ ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിരുന്നെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം കഴിഞ്ഞ തവണത്തേതു പോലെ അപരാജിതരായി തന്നെ സൗത്ത് അമേരിക്കയിൽ ഒന്നാം സ്ഥാനക്കാരായി ലോകകപ്പ് യോഗ്യത നേടാനാണ് അർജന്റീന ഒരുങ്ങുന്നത്.
(🌕) There is a doubt about who will start against Ecuador: Julián or Lautaro. @gastonedul 🔍🇪🇨 pic.twitter.com/CICTokmgLA
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 5, 2023
ഖത്തർ ലോകകപ്പ് കളിച്ച താരങ്ങളായ ഡിബാല, അക്യൂന എന്നിവർക്ക് പുറമെ മധ്യനിരയിലെ പ്രധാന താരമായ ലോ സെൽസോയും ഇല്ലാതെയാണ് അർജന്റീന മത്സരത്തിനായി ഇറങ്ങുന്നത്. അതേസമയം സ്‌കലോണിയെ സംബന്ധിച്ച് പ്രധാന തലവേദന ടീമിന്റെ പ്രധാന സ്‌ട്രൈക്കറായി ആരെ ഇറക്കുമെന്നതായിരിക്കും. ലൗടാരോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവരാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കർമാർ. ഇവരിൽ ആരാണ് ആദ്യ ഇലവനിൽ ഉണ്ടാവുകയെന്ന കാര്യത്തിൽ സ്‌കലോണി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഖത്തർ ലോകകപ്പിൽ ലൗടാരോ മാർട്ടിനസ് നിറം മങ്ങിയപ്പോൾ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തി ലോകകപ്പ് നേടിക്കൊടുക്കാൻ പ്രധാന പങ്കു വഹിച്ച താരമാണ് അൽവാരസ്. അതേസമയം ലൗറ്റാറോ മാർട്ടിനസ് ലോകകപ്പിൽ നിറം മങ്ങിയെങ്കിലും അതിനു ശേഷം മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. അൽവാറസും മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും മെസി കഴിഞ്ഞാൽ തന്റെ അർജന്റീന ടീമിനായി കൂടുതൽ ഗോളുകൾ നേടിയ ലൗറ്റാറോയെ സ്‌കലോണി പരിഗണിക്കാനാണ് സാധ്യത.
അർജന്റീനയിൽ വെച്ചാണ് മത്സരം നടക്കുന്നതെന്നത് അവർക്ക് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും ഇക്വഡോർ വലിയൊരു വെല്ലുവിളി തന്നെയാണ്. ഇന്ത്യൻ സമയം സെപ്‌തംബർ എട്ട്, വെള്ളിയാഴ്‌ച രാവിലെ അഞ്ചരക്കാണ് മത്സരം നടക്കുക. അതേസമയം ഇന്ത്യയിൽ അർജന്റീനയുടെ മത്സരം ടെലികാസ്റ്റ് ചെയ്യുന്നില്ല. ഇന്ത്യയിലെ ആരാധകർ മത്സരം കാണണമെങ്കിൽ മറ്റു വഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
Argentina Vs Ecuador World Cup Qualifier Time Telecast In India