ഇന്റർനാഷണൽ ബ്രേക്കിലെ ആദ്യത്തെ സൗഹൃദമത്സരത്തിൽ മികച്ച വിജയവുമായി അർജന്റീന. എൽ സാൽവദോറിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. പരിക്ക് കാരണം ലയണൽ മെസിയില്ലാതെ ഇറങ്ങിയ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തത് വെറ്ററൻ താരമായ ഏഞ്ചൽ ഡി മരിയയായിരുന്നു.
മത്സരത്തിന്റെ പതിനാറാം മിനുട്ടിൽ തന്നെ അർജന്റീന മുന്നിലെത്തി. ഏഞ്ചൽ ഡി മരിയയുടെ മനോഹരമായ കോർണറിൽ നിന്നും ടോട്ടനം ഹോസ്‌പർ താരം ക്രിസ്റ്റ്യൻ റൊമേരോ ഹെഡറിലൂടെയാണ് അർജന്റീനയുടെ ആദ്യത്തെ ഗോൾ നേടിയത്. അതിനു ശേഷം ആദ്യ പകുതിയിൽ തന്നെ ചെൽസി താരം എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന ലീഡുയർത്തി.
Cristian Romero's goal for Argentina! 🇦🇷pic.twitter.com/qK45xavZo0
— Roy Nemer (@RoyNemer) March 23, 2024
രണ്ടാം പകുതി ആരംഭിച്ച് അധികസമയം പിന്നിടും മുൻപ് തന്നെ അർജന്റീന മൂന്നാമത്തെ ഗോളും നേടി. ലൗടാരോ മാർട്ടിനസിന്റെ അസിസ്റ്റിൽ നിന്നും ജിയോവാനി ലോ സെൽസോയാണ് അർജന്റീനയുടെ മൂന്നാം ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗർനാച്ചോ, ഫാക്കുണ്ടോ ബുവണനോട്ട, വാലന്റൈൻ ബാർക്കോ എന്നീ താരങ്ങളെയെല്ലാം സ്‌കലോണി പരീക്ഷിക്കുകയും ചെയ്‌തിരുന്നു.
Enzo Fernández scores for Argentina! 🇦🇷pic.twitter.com/WqaawdpZXu
— Roy Nemer (@RoyNemer) March 23, 2024
മത്സരത്തിൽ നിറഞ്ഞാടിയത് ഡി മരിയ തന്നെയായിരുന്നു. മെസിയുടെ അഭാവത്തിൽ കുറച്ചു കൂടി സ്വാതന്ത്ര്യത്തിൽ കളിച്ച താരം ഒരു അസിസ്റ്റ് നൽകിയതിന് പുറമെ ഒരു വമ്പൻ അവസരവും സൃഷ്‌ടിച്ചിരുന്നു. അതിനു പുറമെ നാല് കീ പാസുകളും താരം നൽകി. അർജന്റീന ടീമിന് ഇനിയുമേറെ നൽകാൻ തനിക്ക് കഴിയുമെന്ന് താരം വ്യക്തമാക്കിയ ദിവസം കൂടിയായിരുന്നു.
Gio Lo Celso scoring for Argentina! 🇦🇷pic.twitter.com/J2LrDpxMMh
— Roy Nemer (@RoyNemer) March 23, 2024
ഇനി ഒരു മത്സരം കൂടിയാണ് ഈ ബ്രേക്കിൽ അർജന്റീനക്ക് ബാക്കിയുള്ളത്. കോസ്റ്റാറിക്കക്കെതിരെയാണ് അർജന്റീന അടുത്ത മത്സരത്തിൽ ഇറങ്ങുക. അതിലും ലയണൽ മെസി കളിക്കില്ല. എന്തായാലും വിജയത്തോടെ ടീമിന്റെ ആത്മവിശ്വാസം ഉയർന്നിട്ടുണ്ട്. കോപ്പ അമേരിക്ക വരാനിരിക്കെ ഈ സൗഹൃദ മത്സരങ്ങൾ അർജന്റീനക്ക് നിർണായകമാണ്.
Argentina Won Friendly Against El Salvador