ആ ഗോൾ പിറന്നത് സ്‌കലോണി ഇറക്കിവിട്ട പകരക്കാരിലൂടെ, ഇതിനെ മാസ്റ്റർക്ലാസ് എന്നല്ലാതെ മറ്റെന്തു വിളിക്കും

കോപ്പ അമേരിക്ക ടൂർണമെൻറിൽ കൊളംബിയക്കെതിരെ അർജന്റീന വളരെയധികം പൊരുതിയാണ് വിജയം സ്വന്തമാക്കിയത്. തുടക്കത്തിൽ കൊളംബിയൻ ആക്രമണങ്ങളിൽ അർജന്റീന വിറച്ചെങ്കിലും അതിനു ശേഷം മെല്ലെ കളിയിൽ അർജന്റീന പിടിമുറുക്കി. ഒടുവിൽ എക്‌സ്ട്രാ ടൈമിൽ ലൗടാരോ മാർട്ടിനസ് നേടിയ ഗോളിലാണ് അർജന്റീന വിജയം നേടിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസി പരിക്കേറ്റു പുറത്തു പോയിട്ടും അർജന്റീന യാതൊരു തരത്തിലും പതറിയിരുന്നില്ല. ഏഞ്ചൽ ഡി മരിയയെ മുൻനിർത്തി അവർ ആക്രമണങ്ങൾ സംഘടിപ്പിച്ചു കൊണ്ടേയിരുന്നു. അതേസമയം കൊളംബിയക്കെതിരെ അർജന്റീനയുടെ വിജയത്തിൽ നിർണായകമായത് പരിശീലകൻ സ്‌കലോണിയുടെ തന്ത്രങ്ങൾ കൂടിയാണ്.

മത്സരത്തിന്റെ തൊണ്ണൂറു മിനുട്ടിനുള്ളിൽ സ്‌കലോണി സബ് ഇറക്കിയത് പരിക്കേറ്റ മെസി, മോണ്ടിയൽ എന്നിവരുടെ പകരക്കാരെയായിരുന്നു. എന്നാൽ എക്‌സ്ട്രാ ടൈം തൊണ്ണൂറ്റിയേഴാം മിനുട്ടിലെത്തിയപ്പോൾ നിർണായകമായ മൂന്നു പേരെ സ്‌കലോണി കളത്തിലിറക്കി. ലൗടാരോ മാർട്ടിനസ്, ലിയാൻഡ്രോ പരഡെസ്, ജിയോവാനി ലൊ സെൽസോ എന്നിവരെയാണ് സ്‌കലോണി ഒരുമിച്ചു കളത്തിലിറക്കിയത്.

പതിനഞ്ചു മിനുറ്റുകൾക്കകം സ്‌കലോണിയുടെ തന്ത്രം ഫലം കണ്ടു. ഒരു കൗണ്ടർ അറ്റാക്കിങ് തടുത്തതിനു ശേഷം പരഡെസ് തുടങ്ങി വെച്ച നീക്കം ലോ സെൽസോയുടെ കാലുകളിൽ എത്തിയപ്പോൾ താരമത് മനോഹരമായി ലൗടാരോക്കു വെച്ചു നീട്ടി. ലൗറ്റാറോ ഗോൾകീപ്പറെ കീഴടക്കി അത് വലയിലെത്തിച്ച് അർജന്റീനയുടെ വിജയം ഉറപ്പു വരുത്തി.

അർജന്റീന ടീമിലെ ഓരോ താരങ്ങളുടെയും മികവ് എന്താണെന്ന് കൃത്യമായി മനസിലാക്കുകയും അതിനനുസരിച്ച് ടീമിന്റെ ശൈലിയിൽ മാറ്റം വരുത്തുകയും ചെയ്യുന്ന പരിശീലകനാണ് സ്‌കലോണി. അദ്ദേഹം ടീമംഗങ്ങളിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസവും പോരാട്ടവീര്യവും ചെറുതല്ലെന്ന് ഇന്നത്തെ മത്സരം കണ്ട ഏതൊരാൾക്കും മനസിലാകും.

ArgentinaCopa America 2024Lionel Scaloni
Comments (0)
Add Comment