ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു പിന്നാലെ നിരവധി താരങ്ങൾ അമേരിക്കൻ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വന്നിരുന്നു. ബാഴ്‌സലോണ വിട്ട സെർജിയോ ബുസ്‌ക്വറ്റ്സ് ലയണൽ മെസിക്ക് പിന്നാലെ ഇന്റർ മിയാമി ടീമിന്റെ ഭാഗമാകും. അതിനു പുറമെ മുൻ ബാഴ്‌സലോണ താരം ജോർദി ആൽബ, മുൻ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ് എന്നിവരെല്ലാം ഇന്റർ മിയാമിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.
അർജന്റീന താരം ഏഞ്ചൽ ഡി മരിയ ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും യൂറോപ്പിൽ തന്നെ തുടരാനാണ് താരം തീരുമാനിച്ചത്. അതിനിടയിൽ അർജന്റീനയുടെ ഒരു യുവതാരവുമായി ഇന്റർ മിയാമി കരാറിൽ എത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അർജന്റീനിയൻ ക്ലബായ അത്ലറ്റികോ കൊളോണിന്റെ താരമായ ഫാകുണ്ടോ ഫാറിയാസാണ് ഇന്റർ മിയാമിയിലേക്കു ചേക്കേറുന്നതിനരികിലെത്തി നിൽക്കുന്നത്.
(🌕) JUST IN: 20 years old talented youngster Facundo Farias will play for Inter Miami! Full agreement reached between the clubs. @gastonedul 🚨🇦🇷 pic.twitter.com/IKPjDkMyuw
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 14, 2023
ഇരുപതു വയസ് മാത്രം പ്രായമുള്ള മധ്യനിര താരമായ ഫാക്കുണ്ടോ ഫാരിയാസ് അർജന്റീനയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു നിൽക്കുന്ന താരമാണ്. കഴിഞ്ഞ സീസണിൽ പതിനാറു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കി. ഈ നാല് മത്സരങ്ങളിൽ ആദ്യ ഇലവനിലിറങ്ങിയ താരം ഒരു അസിസ്റ്റ് നേടിയിട്ടുണ്ട്. ക്ലബിന്റെ പത്താം നമ്പറിൽ കളിക്കുന്ന താരത്തിനു ഗോളടിക്കാനും അടിപ്പിക്കാനും ഒരുപോലെ കഴിവുണ്ട്.
അഞ്ചു മില്യൺ യൂറോയിലധികമാണ് ഇന്റർ മിയാമി അർജന്റീന താരത്തിനായി മുടക്കുക. താരത്തെ ഭാവിയിൽ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയിൽ നിന്നും ഒരു നിശ്ചിത ശതമാനവും അർജന്റൈൻ ക്ലബിന് ലഭിക്കും. മെസിക്കൊപ്പം കളിക്കാനുള്ള അവസരം ലഭിക്കുന്നത് യുവതാരത്തിനു തന്റെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള മികച്ച അവസരമാണ് നൽകുക.
Argentine Youngster To Join With Messi In Inter Miami