വൈകുന്നേരം വരെ വെള്ളം കോരിയതിനു ശേഷം കാലമുടച്ച അവസ്ഥയാണ് ആഴ്സണലിന്റേത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഈ സീസൺ മുഴുവൻ ഒന്നാം സ്ഥാനത്ത് നിന്ന് കിരീടം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ടീം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തോൽവി വഴങ്ങിയതോടെ കിരീടം നഷ്ടമാകുമെന്ന അവസ്ഥയിലാണ്. ഇപ്പോഴും മാഞ്ചസ്റ്റർ സിറ്റിയേക്കാൾ രണ്ടു പോയിന്റ് മുന്നിലാണെങ്കിലും ആഴ്സണൽ രണ്ടു മത്സരങ്ങൾ കൂടുതൽ കളിച്ചതിനാൽ സിറ്റിക്ക് മുന്നിലെത്താൻ അവസരമുണ്ട്.
ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.കെവിൻ ഡി ബ്രൂയ്ൻ രണ്ടു ഗോളും ഒരു അസിസ്റ്റും നേടിയപ്പോൾ എർലിങ് ഹാലാൻഡ് ഡി ബ്രൂയ്ൻ നേടിയ രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകുകയും ഒരു ഗോൾ നേടുകയും ചെയ്തു. ജോൺ സ്റ്റോൺസ് മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു ഗോൾ നേടിയപ്പോൾ ആഴ്സനലിന്റെ ആശ്വാസഗോൾ പ്രതിരോധതാരം റോബ് ഹോൾഡിങ്ങിന്റെ വകയായിരുന്നു.
🔵⚪️ 2-0 to City! John Stones' goal counts after a VAR check. pic.twitter.com/PmKZTJwiCI
— EuroFoot (@eurofootcom) April 26, 2023
നിർണായകമായ മത്സരമായതിനാൽ തന്നെ അതിനു ശേഷം ചെറിയ വിവാദങ്ങളും ഉണ്ടാകുന്നുണ്ട്. പ്രധാനമായും ജോൺ സ്റ്റോൺസ് നേടിയ ടീമിന്റെ രണ്ടാമത്തെ ഗോൾ ഓഫ്സൈഡ് ആയിട്ടും റഫറിയത് അനുവദിച്ചുവെന്നാണ് ആഴ്സണൽ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കെവിൻ ഡി ബ്രൂയ്ൻ എടുത്ത സെറ്റ് പീസിൽ നിന്നാണ് ജോൺ സ്റ്റോൺസ് ഗോൾ നേടുന്നത്. കിക്കെടുക്കുമ്പോൾ ജോൺ സ്റ്റോൺസിന്റെ ശരീരം ഓഫ്സൈഡ് ലൈനിനും മുന്നിലാണെന്നത് അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ റഫറിയുടെ തീരുമാനം ശരിയാണെന്നാണ് മറ്റുള്ള ആരാധകർ പറയുന്നത്. സ്റ്റോൺസ് ഡിഫെൻസിവ് ലൈനിനു മുന്നിലാണെങ്കിലും താരത്തിന്റെ ഗോളടിക്കാൻ അനുവദനീയമായ ശരീരഭാഗങ്ങളൊന്നും ഓഫ്സൈഡ് ആയിട്ടല്ല നിൽക്കുന്നത്. ആഴ്സണൽ പ്രതിരോധതാരത്തിന്റെ കാൽ നീട്ടി വെച്ചതാണ് ആ ഗോൾ റഫറി അനുവദിക്കാൻ സഹായിച്ചത്. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് ഗോൾ പിറന്നത്.
മത്സരത്തിൽ തോറ്റ ആഴ്സണൽ മുപ്പത്തിമൂന്നു മത്സരങ്ങളിൽ നിന്നും എഴുപത്തിയഞ്ച് പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി മുപ്പത്തിയൊന്നു മത്സരങ്ങൾ മാത്രം കളിച്ച് എഴുപത്തിമൂന്നു പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. ഇനി മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്ടപ്പെടുത്തിയാൽ മാത്രമേ ആഴ്സണലിന് ഈ സീസണിൽ പ്രീമിയർ ലീഗിൽ കിരീടപ്രതീക്ഷയുള്ളൂ.
Arsenal Fans Fumes Over John Stones Goal