യുക്രൈൻ താരമായ മൈഖൈലോ മുഡ്രിക്ക് ആഴ്‌സനലിന്റെ ജേഴ്‌സിയണിയും എന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന സമയത്താണ് അപ്രതീക്ഷിതമായ ഒരു നീക്കം നടത്തി ചെൽസി താരത്തെ സ്വന്തമാക്കിയത്. ആഴ്‌സണൽ ഓഫർ ചെയ്‌തതിലും കൂടുതൽ പ്രതിഫലവും ട്രാൻസ്‌ഫർ ഫീസും നൽകിയാണ് ഷാക്തറിൽ കളിക്കുന്ന ഇരുപത്തിരണ്ടു വയസുള്ള താരത്തെ ചെൽസി തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. താരത്തെ കാണികളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.
ഈ വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ ആഴ്‌സണൽ ലക്ഷ്യമിട്ട ആദ്യത്തെ താരത്തെയല്ല ചെൽസി സ്വന്തമാക്കുന്നത്. അത്ലറ്റികോ മാഡ്രിഡ് താരമായ ജോവോ ഫെലിക്‌സിനെ ആഴ്‌സണൽ നോട്ടമിട്ടപ്പോഴും കൂടുതൽ തുക ഓഫർ ചെയ്‌ത് ചെൽസി സ്വന്തമാക്കി. ആറു മാസത്തെ ലോൺ കരാറിലാണ് ഫെലിക്‌സ് ചെൽസിയിൽ എത്തിയത്. അതിനു പിന്നാലെയാണ് മുന്നേറ്റനിരയെ ശക്തിപ്പെടുത്താൻ വേണ്ടി ലക്ഷ്യമിട്ട മുഡ്രിക്കിനെയും അവർ റാഞ്ചിയത്.
തങ്ങൾ ലക്ഷ്യമിടുന്ന താരങ്ങളെ സ്വന്തമാക്കുന്ന ചെൽസിക്ക് പണി കൊടുക്കാൻ ഒരുങ്ങുകയാണ് ആഴ്‌സണലിപ്പോൾ, പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിൽ വെസ്റ്റ് ഹാമിൽ കളിക്കുന്ന ഇംഗ്ലീഷ് താരമായ ഡിക്ലൻ റൈസിനെ ആഴ്‌സണൽ ലക്ഷ്യമിട്ടിട്ടുണ്ട്. ഡിഫെൻസിവ് മിഡ്ഫീല്ഡറായ താരത്തെ അടുത്ത സമ്മറിൽ ടീമിലെത്തിക്കാനാണ് ആഴ്‌സണൽ ശ്രമിക്കുന്നത്. ഇതിനായി എൺപതു മില്യൺ പൗണ്ട് അവർ മുടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Declan Rice is emerging as Arsenal’s priority transfer target this summer with Mikel Arteta prepared to break the club’s transfer record to sign the England international ✍️🔴👀 pic.twitter.com/GxyU2STePF
— SPORTbible (@sportbible) January 16, 2023
നിലവിൽ വെസ്റ്റ് ഹാമിൽ കളിക്കുന്ന താരമാണെങ്കിലും ചെൽസിയുടെ യൂത്ത് സിസ്റ്റത്തിലൂടെ ഉയർന്നു വന്ന കളിക്കാരനാണ് റൈസ്. കഴിഞ്ഞ കുറച്ചു കാലമായി താരത്തിന്റെ പ്രകടനത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ചെൽസി നടത്തിയ ട്രാൻസ്‌ഫർ ശ്രമങ്ങൾ വെസ്റ്റ് ഹാം തഴഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആഴ്‌സണൽ റൈസിനെ സ്വന്തമാക്കിയാൽ അത് കാന്റെക്ക് പകരക്കാരനെ തേടുന്ന ചെൽസിക്ക് തിരിച്ചടി നൽകുമെന്നതിൽ സംശയമില്ല.
വെസ്റ്റ് ഹാമുമായി കരാർ പുതുക്കാനുള്ള ഓഫറുകൾ തഴയുന്ന റൈസിന്റെ നിലവിലെ കോണ്ട്രാക്റ്റ് 2024ൽ അവസാനിക്കും. അതുകൊണ്ടു തന്നെ അടുത്ത സമ്മറിൽ താരത്തെ നീക്കുപോക്കുകളോടെ വിൽക്കാൻ വെസ്റ്റ് ഹാം നിർബന്ധിതരാകും എന്നുറപ്പാണ്. ഈ സാഹചര്യം മുതലെടുത്താണ് റൈസിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നത്. എന്നാൽ അവിടെയും ചെൽസി ഇടപെടൽ നടത്തുമോ എന്നു കണ്ടറിയണം.