ആഴ്‌സൻ വെങ്ങർ എത്തുമെന്ന് ഉറപ്പായി, ഇന്ത്യൻ ഫുട്ബോൾ ഇനി ഉയരങ്ങളിലേക്ക്

പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ആഴ്‌സൺ വെങ്ങർ ഇന്ത്യൻ ഫുട്ബോളിനെ വളർത്താൻ സഹായിക്കുമെന്നുറപ്പായി. ഇന്ത്യയിൽ ഫുട്ബോളും അതുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്താൻ എഐഎഫ്എഫ് വലിയൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്പ്മെന്റിന്റെ ചീഫായ ആഴ്‌സൺ വെങ്ങർ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രതിഭകളെ കണ്ടെത്താനാണ് പ്രവർത്തിക്കുക.

“മികച്ച പ്രതിഭകളെ കണ്ടെത്താൻ വേണ്ടിയുള്ള ഒരു പദ്ധതി തയ്യാറാക്കാൻ വേണ്ടി ആഴ്‌സൺ വെങ്ങറുടെ ടീമുമായി ഞങ്ങൾ ചർച്ചകൾ നടത്തുന്നുണ്ട്. വെങ്ങർ സമീപഭാവിയിൽ തന്നെ ഇന്ത്യ സന്ദർശിക്കും, പക്ഷെ ഇന്ത്യയിൽ താമസിച്ച് പ്രവർത്തിക്കില്ല. സാന്നിധ്യം കൊണ്ട് അദ്ദേഹം നമുക്ക് പ്രചോദനം നൽകും. ഫിഫയോ അല്ലെങ്കിൽ ഞങ്ങളോ ഉണ്ടാക്കുന്ന ഒരു ടീമിനെ അദ്ദേഹം നയിക്കും. വിദേശ, സ്വദേശ സ്കൗട്ടുകൾ അടങ്ങിയ ടീം അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കും.”

“ലോകത്തെല്ലായിടത്തും ഫുട്ബോൾ വളരാൻ സഹായിക്കുന്ന ഒരു പദ്ധതി ആഴ്‌സന്റെ കയ്യിലുണ്ട്. ഫിഫയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഫോർമുല പ്രകാരം പ്രതിഭയുള്ള ഒരു താരത്തെ പന്ത്രണ്ടാം വയസിനുള്ളിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞാൽ മികച്ചൊരു ഫുട്ബോൾ താരമാക്കി മാറ്റാം. മികച്ച പരിശീലനവും, നല്ലൊരു കൊച്ചിന്റെ സാന്നിധ്യവും അവർക്ക് ആവശ്യമാണ്.” എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ കഴിഞ്ഞ ദിവസം പറഞ്ഞു.

ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഫിഫ തന്നെയാണ് ഇതിനു വേണ്ട രീതിയിലുള്ള പിന്തുണ നൽകുന്നത്. ആഴ്‌സൺ വേങ്ങറിനെ പോലെയൊരു വ്യക്തിയെ ഇത് നയിക്കാൻ ലഭിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ഭാഗ്യം തന്നെയാണ്. ഫുട്ബോളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുള്ള വീക്ഷണവും അറിവും അത്രയും മികച്ചതാണ്.

AIFFArsene WengerIndian Football
Comments (0)
Add Comment