എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം, റഫറിക്കെതിരെ ആഞ്ഞടിച്ച് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ ഛേത്രിയുടെ ഗോൾ അനുവദിക്കാനുള്ള റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ എടികെ മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാൻഡോ. അടുത്ത ദിവസം നടക്കാനിരിക്കുന്ന ഹൈദരാബാദിനെതിരായ സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫെറാൻഡോ. ഐഎസ്എല്ലിൽ റഫറിമാരുടെ തെറ്റായ തീരുമാനം നിരന്തരം സംഭവിക്കുന്ന ഒന്നാണെന്നും ഫെറാൻഡോ പറഞ്ഞു.

നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയല്ലാത്തതിനാൽ പ്രതിഷേധങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്നാണ് ഫെറാൻഡോ പറയുന്നത്. എന്താണ് അന്നവിടെ സംഭവിച്ചതെന്ന് ഛേത്രിക്കും ലൂണക്കും റഫറിക്കും മാത്രമേ അറിയുകയുള്ളൂവെന്നും സംഭവിച്ച കാര്യത്തിൽ നിരാശ തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് റഫറി ഒന്ന് തീരുമാനിക്കുന്നതും പ്രധാന റഫറി മറ്റൊന്ന് തീരുമാനിക്കുന്നതും ഇന്ത്യയിൽ തുടർച്ചയായി സംഭവിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമങ്ങൾ കൃത്യമായി ഉപയോഗിക്കാനുള്ളതാണെന്നും കളിക്കാർക്ക് മാത്രമല്ല, പരിശീലകനും വികാരങ്ങളുണ്ടെന്നും ഫെറാൻഡോ വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് തൊണ്ണൂറു മിനുട്ടും പൊരുതിയിട്ട് ഇതുപോലൊരു തീരുമാനം കാരണം പുറത്തായി. എല്ലാവരുടെ കാര്യത്തിലും ഒരുപോലെ നിയമങ്ങൾ പാലിക്കുന്നില്ലെന്നതു കൊണ്ട് തന്നെ എല്ലാവരുമിപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിനേയും ബെംഗളൂരുവിനെയും കുറിച്ചാണ് സംസാരിക്കുന്നതെന്നും ഫെറൻഡോ പറഞ്ഞു.

മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെ കേരളത്തിന് പിന്തുണ വർധിച്ചിരുന്നു. അതിനിടയിൽ റഫറിക്കെതിരെ നടപടി ആവശ്യപ്പെട്ടും മത്സരം വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതി കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തള്ളിയിരുന്നു. എന്നാൽ മത്സരം ബഹിഷ്‌കരിച്ചതിനു ബ്ലാസ്റ്റേഴ്‌സിനെതിരെ വലിയ നടപടികളൊന്നും ഉണ്ടാകാനുള്ള സാധ്യതയില്ല.

ATK Mohun BaganIndian Super LeagueJuan FerrandoKerala Blasters
Comments (0)
Add Comment