ലയണൽ മെസിയുടെ തിരിച്ചുവരവിനായി ബാഴ്സലോണ ഒരുങ്ങുകയാണ്. അതുമായി ബന്ധപ്പെട്ട വാർത്തകൾ ഫുട്ബോൾ ലോകത്തു നിന്നും സജീവമായി വരികയും ചെയ്യുന്നു. ഈ സീസണോടെ പിഎസ്ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ തുടക്കത്തിൽ തയ്യാറായിരുന്നെങ്കിലും ലോകകപ്പിന് ശേഷം അതിൽ മാറ്റം വന്നു. ലോകകപ്പിൽ അർജന്റീന ഫ്രാൻസിനെ കീഴടക്കിയതോടെ ഫ്രഞ്ച് ആരാധകർ താരത്തിനെതിരെ തിരിഞ്ഞതാണ് മെസിയുടെ നിലപാട് മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതികൾ ബാഴ്സലോണ തയ്യാറാക്കുകയാണ്. സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തിനു നൽകേണ്ട കരാർ സംബന്ധിച്ച് ബാഴ്സലോണ നേതൃത്വം ധാരണയിൽ എത്തിയിട്ടുണ്ട്. മുപ്പത്തിയാറാം വയസിലേക്ക് നീങ്ങുന്ന ലയണൽ മെസിക്ക് രണ്ടു വർഷത്തെ കരാർ നൽകാനാണ് ബാഴ്സലോണ ഒരുങ്ങുന്നതെന്ന് സ്പോർട്ട് വ്യക്തമാക്കുന്നു.
🚨 Leo Messi is ready to take a huge salary cut to re-join Barcelona.
— Transfer News Live (@DeadlineDayLive) April 20, 2023
(Source: SPORT) pic.twitter.com/G6vYTf4HRH
അതേസമയം പുതിയ കരാറിൽ ലയണൽ മെസിയുടെ പ്രതിഫലമാണ് ഏവരെയും ഞെട്ടിക്കുന്ന കാര്യം. വെറും ഇരുപത്തിയഞ്ചു മില്യൺ യൂറോ മാത്രമാണ് ഒരു സീസണിൽ മെസിക്ക് വേതനമായി ബാഴ്സലോണ നൽകുക. പിഎസ്ജിയിലേക്ക് ചേക്കേറുന്നതിനു മുൻപ് ബാഴ്സലോണയുമായി ഉണ്ടായിരുന്ന കരാർ പ്രകാരം താരത്തിന് ലഭിച്ചിരുന്ന പ്രതിഫലത്തിന്റെ നാലിലൊന്നു മാത്രമാണ് ഈ രണ്ടു സീസണുകളിൽ മെസിക്ക് പ്രതിഫലമായി ലഭിക്കുക.
നേരത്തെ ബാഴ്സലോണക്കെതിരെ ശക്തമായ നിലപാടുകളാണ് ലാ ലിഗ നേതൃത്വം എടുത്തിരുന്നതെങ്കിലും ഇപ്പോൾ അതിൽ അയവു വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലയണൽ മെസിയുടെ തിരിച്ചുവരവ് അസാധ്യമല്ലെന്നും അതിനായി ബാഴ്സലോണ ചില കാര്യങ്ങൾ കൃത്യമായി ചെയ്യണെമെന്നുമാണ് ലീഗ് പ്രസിഡന്റായ ഹാവിയർ ടെബാസ് പറയുന്നത്. ബാഴ്സലോണ നേതൃത്വം ഇതുമായി ബന്ധപ്പെട്ടു സമർപ്പിച്ച പദ്ധതികൾ ലാ ലിഗ അംഗീകരിക്കുമെന്നാണ് സൂചനകൾ.
ലയണൽ മെസിയെ സംബന്ധിച്ച് ബാഴ്സയിലേക്ക് തിരിച്ചു വരികയെന്നതാണ് ആഗ്രഹം. പിഎസ്ജിയിൽ രണ്ടു സീസണുകളിലും താരം പൂർണമായും തൃപ്തനായിരുന്നില്ല. കരിയറിന്റെ അവസാന കാലഘട്ടത്തിൽ സന്തോഷത്തോടു കൂടി കളിക്കണമെന്ന ആഗ്രഹമുള്ള താരം അതിനു വേണ്ടിയാണ് പിഎസ്ജി വിടുന്നത്. അതിനു വേണ്ടിയാണ് ഇത്രയും പ്രതിഫലം വെട്ടിക്കുറയ്ക്കാൻ മെസി തയ്യാറായതും.
Content Highlights: Barcelona Contract Details For Lionel Messi