ബാഴ്‌സലോണയിൽ മെസി തരംഗം ആഞ്ഞടിക്കുന്നു, തുടർച്ചയായ രണ്ടാം മത്സരത്തിലും സ്റ്റേഡിയത്തിൽ മെസി ചാന്റുകൾ മുഴങ്ങി | Lionel Messi

ലയണൽ മെസിയെന്നാൽ ബാഴ്‌സലോണ ആരാധകർക്ക് ഒരു വികാരമാണ്. പതിമൂന്നാം വയസിൽ തന്നെ അർജന്റീനയിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയ താരം പിന്നീട് ടീമിന്റെയും ലോകത്തേയും ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ താരമെന്ന നിലയിലേക്കാണ് വളർന്നത്. ക്ലബിനും രാജ്യത്തിനുമൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ലയണൽ മെസിയിപ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന തലത്തിലാണ് നിൽക്കുന്നത്.

ആരും പ്രതീക്ഷിക്കാതിരുന്ന ഒരു സമയത്താണ് ലയണൽ മെസിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നത്. അർജന്റീന സീനിയർ ടീമിനൊപ്പം നേടുന്ന ആദ്യത്തെ കിരീടമായ കോപ്പ അമേരിക്ക സ്വന്തമാക്കിയതിന് ശേഷം ബാഴ്‌സലോണയിൽ തിരിച്ചെത്തിയ മെസിക്ക് കേൾക്കേണ്ടി വന്നത് തന്റെ കരാർ പുതുക്കാൻ ക്ലബിന് കഴിയില്ലെന്ന വാർത്തയാണ്. സാമ്പത്തിക പ്രതിസന്ധികൾ കാരണമാണ് ലയണൽ മെസിയുടെ കരാർ ബാഴ്‌സലോണക്ക് പുതുക്കാൻ കഴിയാതെ വന്നത്.

അതിനു ശേഷം പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി അവിടെ ഒട്ടും തൃപ്‌തനായിരുന്നില്ല. ബാഴ്‌സലോണയിൽ ലഭിച്ച സ്വാതന്ത്ര്യം മെസിക്ക് പിഎസ്‌ജിയിൽ ഒരിക്കലും ലഭിച്ചിട്ടില്ല. അതിനു പുറമെ ക്ലബിന്റെ കൃത്യതയില്ലാത്ത സ്പോർട്ടിങ് പദ്ധതികൾ കാരണം ടീമിനും മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ല. ഇതിനു പുറമെ ആരാധകരും എതിരായി വന്നതോടെ ഈ സീസണിൽ കരാർ അവസാനിക്കുന്നതോടെ പിഎസ്‌ജി വിടാനൊരുങ്ങുകയാണ് ലയണൽ മെസി.

പിഎസ്‌ജി വിടാനൊരുങ്ങുന്ന ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ക്ലബിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ബാഴ്‌സലോണ ആരാധകർ. കഴിഞ്ഞ ദിവസം ജിറോനക്കെതിരെ നടന്ന ലീഗ് മത്സരത്തിന്റെ പത്താം മിനുട്ടിൽ ബാഴ്‌സലോണ ആരാധകർ ലയണൽ മെസിയുടെ ചാന്റ് ക്യാമ്പ് നൂവിന്റെ മൈതാനത്ത് ഉയർത്തിയിരുന്നു. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ സമാനമായ സംഭവം ഉണ്ടായതിനു പിന്നാലെയാണ് ജിറോണക്കെതിരെയും ഇതാവർത്തിച്ചത്.

അതേസമയം ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതകൾ ബാഴ്‌സലോണ തിരയുന്നുണ്ട്. നിലവിൽ സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് വളരെയധികം ബുദ്ധിമുട്ടുന്ന സമയമാണ്. അതിനെ മറികടക്കാനുള്ള സ്‌പോൺസർഷിപ്പ് ഡീലുകളാണ് ബാഴ്‌സലോണ ഇപ്പോൾ ശ്രമം നടത്തുന്നത്. അത് നടക്കുകയും ലാ ലിഗ നേതൃത്വം അയയുകയും ചെയ്‌താൽ മെസിയുടെ തിരിച്ചു വരവിനുള്ള സാധ്യതകൾ തെളിയും.

Content Highlights: Barcelona Fans Chant Lionel Messi During Girona Match

FC BarcelonaLionel Messi
Comments (0)
Add Comment